സംസ്ഥാനങ്ങള്‍ ഇന്ന് അരലക്ഷം കോടി കടമെടുക്കും; കടപ്പത്രം വഴി കേരളം എടുക്കുന്നത് 3742 കോടി

 | 
kerala secretariat


ന്യൂഡല്‍ഹി:  17 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ചേര്‍ന്ന് കടപ്പത്ര ലേലത്തിലൂടെ 50206 കോടി രൂപ ഇന്ന് കടമെടുക്കും.  3742 കോടി രൂപയാണ് കേരളം എടുക്കുന്നത്.  ഇത് ആദ്യമായാണ് ഒരാഴ്ച്ചകൊണ്ട്  ഇത്രയും തുക കടപ്പത്രങ്ങള്‍വഴി കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ സമാഹരിക്കുന്നത് . കേന്ദ്ര സര്‍ക്കാര്‍ ഫെബ്രുവരിയില്‍  39,000 കോടി രൂപ കടപ്പത്രങ്ങള്‍ വഴി സമാഹരിച്ചതാണ് ഇതുവരെയുള്ള ഏറ്റവും വലിയ തുക.

 ഉത്തര്‍പ്രദേശാണ് കടമെടുപ്പില്‍ ഏറ്റവും കൂടുതല്‍ തുക സമാഹരിക്കുക, അവർക്ക് കിട്ടുക 8,000 കോടി രൂപയാണ്. കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവയാണ്  തൊട്ടുപിന്നില്‍ .  ഈ സംസ്ഥാനങ്ങള്‍ കടമെടുക്കുന്നത് 6000 കോടി രൂപയാണ് . നൂറു കോടി രൂപ കടമെടുക്കുന്ന ഗോവയാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍.  കടപ്പത്രം വാങ്ങുന്നവര്‍ക്ക് കടമെടുക്കാന്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ ഉള്ളതിനാല്‍ നേട്ടമുണ്ടാകും.

 13,608 കോടി രൂപ കടമെടുക്കാന്‍ കേരളത്തിന് സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം  കേന്ദ്രം അനുമതി നല്‍കിയിരുന്നു. ഇതില്‍ 8,742 കോടിക്ക് അന്തിമ അനുമതി കിട്ടി. കഴിഞ്ഞ ആഴ്ച 5,000 കോടി കടമെടുക്കുകയും ചെയ്തു. ശേഷിക്കുന്ന 3742 കോടി രൂപയാണ് ഇന്ന് കടമെടുക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കേരളത്തിന് ഈ കടമെടുപ്പ് ആശ്വാസമാകും.

ഊര്‍ജമേഖലയിൽ പരിഷ്‌കരണങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി 4864 കോടി രൂപ കടമെടുക്കാനുള്ള അനുമതി കേരളത്തിന് ഉടന്‍ ലഭിക്കും. ഈ സാമ്പത്തിക വര്‍ഷത്തിലെ അവസാന കടമെടുപ്പ് നടക്കുക അടുത്ത ചൊവ്വാഴ്ച്ചയാണ്. ഈ തുക അന്ന് സമാഹരിക്കും.