സമരം തുടരും; ഡിസംബര്‍ 10ന് സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധിക്കുമെന്ന് അനുപമ
മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന് സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധ സമരം നടത്തുമെന്ന് അനുപമ. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് അനുപമ ഇക്കാര്യം അറിയിച്ചത്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നതു വരെ സമരം തുടരും. പ്രത്യക്ഷ സമരം ബുദ്ധിമുട്ടുള്ള കാര്യമാണ്. മനുഷ്യാവകാശ ദിനത്തില്‍ ഒരു സമരം തീരുമാനിച്ചിട്ടുണ്ട്. കുട്ടിക്കടത്ത് മനുഷ്യാവകാശ ലംഘനമാണ്. ബാക്കി സമരങ്ങള്‍ അന്ന് പ്രഖ്യാപിക്കുമെന്നും അനുപമ പറഞ്ഞു.
തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ ആക്രമണം നടത്തുന്നത് സൈബര്‍ സഖാക്കളാണ്. കുഞ്ഞിനെയും കൊണ്ട് സമരം ചെയ്യാന്‍ സാധ്യമല്ല. പ്രത്യക്ഷ സമരത്തില്‍ നിന്ന് പിന്‍മാറേണ്ടി വരും. പക്ഷേ ഇനിയുള്ള സമരത്തിലും വീര്യം ഒട്ടും കുറയില്ല. സംസ്ഥാന സര്‍ക്കാര്‍ പ്രശ്‌നത്തെ കാര്യമായി എടുക്കുന്നില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കും.
പ്രതികള്‍ക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. അത് അവരുടെ മനോഭാവത്തെയാണ് കാണിക്കുന്നത്. കുട്ടിക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നും അനുപമ പറഞ്ഞു.