ആരോഗ്യമന്ത്രിക്ക് പ്രതിപക്ഷനേതാവിന് മുന്‍പ് അട്ടപ്പാടിയിലെത്താനുള്ള തിടുക്കമെന്ന് കോട്ടത്തറ ആശുപത്രി സൂപ്രണ്ട്
അട്ടപ്പാടി, കോട്ടത്തറ ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ ആശുപത്രി സൂപ്രണ്ട് ഡോ.പ്രഭുദാസ്. ആരോഗ്യമന്ത്രിക്ക് പ്രതിപക്ഷനേതാവിന് മുന്‍പ് അട്ടപ്പാടിയില്‍ എത്താനുള്ള തിടുക്കമായിരിക്കാമെന്ന് ഡോ.പ്രഭുദാസ് പറഞ്ഞു. ഇല്ലാത്ത മീറ്റിംഗിന്റെ പേരില്‍ തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. ബോധപൂര്‍വം മാറ്റിനിര്‍ത്തുകയായിരുന്നു. ഇതിന് പിന്നില്‍ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് പറയാനുള്ളത് കേള്‍ക്കാതെ തന്നെ അഴിമതിക്കാരനാക്കാനാണ് നീക്കം. തന്നെ മാറ്റിനിര്‍ത്തിയാലും കോട്ടത്തറ ആശുപത്രി വികസിപ്പിക്കുന്നതില്‍ സന്തോഷമേ ഉള്ളൂവെന്നും പ്രഭുദാസ് പറഞ്ഞു. ആശുപത്രിയില്‍ ജീവനക്കാരുടെ കുറവടക്കം നിരവധി വിഷയങ്ങളുണ്ട്. അത്തരം കാര്യങ്ങളില്‍ ഞാന്‍ വിശദീകരിക്കേണ്ടത് ഞാന്‍ തന്നെ പറയേണ്ടതാണ്. തന്റെ കൈയ്യില്‍ എല്ലാ രേഖകളുമുണ്ടെന്നും അതിനാല്‍ ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രി സൂപ്രണ്ടിനെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച ശേഷമായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം. അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിയതിന് പിന്നാലെ മന്ത്രി കോട്ടത്തറയിലും എത്തുകയായിരുന്നു. ഫെബ്രുവരിയില്‍ 32 ലക്ഷം മുടക്കി ഫര്‍ണീച്ചര്‍ ഉള്‍പ്പെടെ വാങ്ങിയെങ്കിലും ഉപയോഗിക്കാതെ കൂട്ടിയിട്ടിരിക്കുകയാണെന്ന് മന്ത്രി കണ്ടെത്തിയിരുന്നു.
ആംബുലന്‍സുകള്‍ ഉപയോഗശൂന്യമായി കിടക്കുകയാണ്. ഓടുന്നവയില്‍ മതിയായ ജീവന്‍ രക്ഷാ സംവിധാനവുമില്ല. ആശുപത്രിയെക്കുറിച്ച് ലഭിച്ച പരാതികളില്‍ നടപടിയെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി.