നടിയെ ആക്രമിച്ച കേസില്‍ വിചാരണ നീട്ടണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളി സുപ്രീം കോടതി

 | 
Dileep

 
നടിയെ ആക്രമിച്ച കേസില്‍ വിചാരണ നീട്ടണമെന്ന സംസ്ഥാന സര്‍ക്കാര്‍ ആവശ്യം സുപ്രീം കോടതി തള്ളി. ആറു മാസം വിചാരണ നീട്ടണമെന്നായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. വിചാരണ നീട്ടുന്ന കാര്യത്തില്‍ വിചാരണക്കോടതിയാണ് തീരുമാനം എടുക്കേണ്ടത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് വിചാരണക്കോടതിയെ സമീപിക്കാമെന്നും വിചാരണക്കോടതിക്ക് വേണമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാമെന്നും കോടതി സര്‍ക്കാര്‍ അപേക്ഷ തീര്‍പ്പാക്കിക്കൊണ്ട് വ്യക്തമാക്കി. 

വിചാരണ നീട്ടണമെന്നുണ്ടെങ്കില്‍ ഏതു ഘട്ടത്തില്‍ വേണമെങ്കിലും വിചാരണക്കോടതിക്ക് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാമെന്നും കോടതി അറിയിച്ചു. ഇതനുസരിച്ച് സുപ്രീം കോടതി ഉചിതമായ തീരുമാനം എടുക്കും. സര്‍ക്കാര്‍ ആവശ്യം പരിഗണിക്കരുതെന്ന് പ്രതിഭാഗം വാദിച്ചു. ഇതിനകം നാലു തവണ വിചാരണ നീട്ടിയിട്ടുണ്ട്. 5 പുതിയ സാക്ഷികളെ വിസ്തരിക്കാന്‍ ഹൈക്കോടതിയും അനുമതി നല്‍കിയിട്ടുണ്ടെന്നും ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചു. 

ഫെബ്രുവരി 15 വരെയാണ് നിലവില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി അനുവദിച്ചിരിക്കുന്ന സമയം. കേസില്‍ പുതിയ സാക്ഷികളെ വിസ്തരിക്കേണ്ടതിനാലാണ് കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വിചാരണ നീട്ടണമെന്ന ആവശ്യം പ്രതിഭാഗത്തിനോ പ്രോസിക്യൂഷനോ നല്‍കാനാകില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്.