പഞ്ച്ഷീർ പി‌ടിച്ചെ‌‌ടുത്തതായി താലിബാൻ; നിഷേധിച്ച് പ്രതിരോധ സേന

 | 
Taliban

കാബൂള്‍: അഫ്​ഗാനിസ്ഥാനിൽ  ചെറുത്തുനിൽപ്പ് നടത്തുന്ന പഞ്ച്ഷീർ പ്രവിശ്യ പ്രതിരോധസേനയിൽ നിന്നും പൂർണ്ണമായും പി‌ടിച്ചെടുത്തതായി താലിബാൻ അറിയിച്ചു.  താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് അറിയിച്ചതാണ് ഇക്കാര്യം.  പ്രവിശ്യാ ഗവർണറുടെ കോമ്പൗണ്ട് ഗേറ്റിന് മുന്നിൽ താലിബാൻ അംഗങ്ങൾ നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.  അതേസമയം പ്രതിരോധ സേനയുടെ തലവനായ അഹ്മദ് മസൂദ് താലിബാന്റെ വാദത്തോട്  പ്രതികരിച്ചിട്ടില്ല.

പാകിസ്ഥാൻ സൈന്യത്തിന്റെ പിന്തുണയോടെയാണ് താലിബാൻ പഞ്ച്ഷീർ പിടിച്ചെടുത്തതെന്നാണ് റിപ്പോർട്ടുകൾ. ശക്തമായ ചെറുത്തുനില്പാണ് പഞ്ച്ഷീറിൽ താലിബാന് നേരിടേണ്ടി വന്നത്. 

അതേസമയം അഫ്ഗാനിസ്ഥാനിലെ നാഷണൽ റെസിസ്റ്റൻസ് ഫ്രണ്ടിന്റെ വക്താവായ ഫഹിം ദഷ്ടി ഈ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അഫ്ഗാൻ വാർത്താ മാധ്യമമായ ടോളോ ന്യൂസാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.  ജാമിയത്ത്-ഇ-ഇസ്ലാമി പാർട്ടിയിലെ മുതിർന്ന അംഗവും അഫ്ഗാൻ മാധ്യമപ്രവർത്തക ഫെഡറേഷനിൽ അംഗവുമായിരുന്നു ഫഹിം ദഷ്ടി. വെള്ളിയാഴ്ച രാത്രി പഞ്ച്ശീർ പ്രവിശ്യയിൽ താലിബാൻ ആക്രമണം ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിരോധ സേനയ്ക്ക് അവരുടെ വക്താവിനെ നഷ്ടമായിരിക്കുന്നത്.