മരയ്ക്കാര്‍ ഉപയോഗിക്കുന്നത് ടെറസ്ട്രിയല്‍ ടെലസ്‌കോപ്; 13-ാം നൂറ്റാണ്ടില്‍ തന്നെ കണ്ടുപിടിച്ചിരുന്നെന്ന് പ്രിയദര്‍ശന്‍

 | 
Marakkar Telescope

മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ട്രെയിലറുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ പ്രിയദര്‍ശന്‍. ചിത്രത്തില്‍ മരയ്ക്കാര്‍ ടെലസ്‌കോപ് ഉപയോഗിക്കുന്നതും മരയ്ക്കാര്‍ ഗണപതി ചിഹ്നം ധരിക്കുന്നതുമൊക്കെയാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. ഗലീലിയോ ടെലസ്‌കോപ് കണ്ടുപിടിച്ചത് 17-ാം നൂറ്റാണ്ടിലായിരുന്നു. 16-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മരയ്ക്കാര്‍ എങ്ങനെ ടെലസ്‌കോപ്പ് ഉപയോഗിക്കുമെന്നായിരുന്നു ചോദ്യം.

മരയ്ക്കാര്‍ ഉപയോഗിക്കുന്നത് ടെറസ്ട്രിയല്‍ ടെലസ്‌കോപ്പ് ആണെന്നാണ് പ്രിയദര്‍ശന്‍ വിശദീകരിക്കുന്നത്. ഗലീലിയോ 17-ാം നൂറ്റാണ്ടില്‍ കണ്ടെത്തിയത് ആസ്‌ട്രോണമിക്കല്‍ ടെലസ്‌കോപ്പാണ്. ടെറസ്ട്രിയല്‍ ടെലസ്‌കോപ്പ് 13-ാം നൂറ്റാണ്ടില്‍ തന്നെ കണ്ടെത്തിയിട്ടുണ്ടെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പ്രിയദര്‍ശന്‍ ഈ വിശദീകരണം നല്‍കുന്നത്.

മരയ്ക്കാറിന്റെ മുഖത്ത് കണ്ടത് ഗണപതിയല്ലെന്നും സംവിധായകന്‍ പറയുന്നു. സാമൂതിരിയുടെ കൊടിയടയാളമായ ആനയാണ് അത്. അതുകൊണ്ടാണ് കൊടിയടയാളമായ ആന മുഖത്തു വന്നത്.സാമൂതിരിയുടെ ആനയും തിരുവിതാംകൂറിന്റെ ശംഖും ചേര്‍ത്താണ് കേരളത്തിന്റെ ഇന്നത്തെ മുദ്രയുണ്ടാക്കിയതെന്ന് പറയപ്പെടുന്നു. ആനയെ കണ്ടാല്‍ ഗണപതിയല്ലെന്ന് തിരിച്ചറിയാനുള്ള ചരിത്രബോധം പലര്‍ക്കുമില്ലാത്തതിന്റെ പ്രശ്‌നമാണ് അതെന്നും പ്രിയദര്‍ശന്‍ ലേഖനത്തില്‍ പറയുന്നു.