പിന്‍വശം ഉയര്‍ത്തി കുതിരാന്‍ തുരങ്കത്തിലൂടെ ടിപ്പര്‍ പാഞ്ഞു; ലക്ഷങ്ങളുടെ നഷ്ടം

 | 
Kuthiran

കുതിരാന്‍ തുരങ്കത്തിലൂടെ പിന്‍വശം ഉയര്‍ത്തി വെച്ചു പാഞ്ഞ ടിപ്പര്‍ വരുത്തിയത് ലക്ഷങ്ങളുടെ നഷ്ടം. ഇന്നലെ രാത്രി കുതിരാന്‍ ഒന്നാം തുരങ്കത്തിലാണ് സംഭവമുണ്ടായത്. രാത്രി 8.30ന് പാലക്കാട് ഭാഗത്തു നിന്നെത്തിയ ടിപ്പര്‍ മൂലം 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്. 90 മീറ്റര്‍ ദൂരത്തില്‍ 104 ക്യാമറകള്‍, ലൈറ്റുകള്‍, പാനലുകള്‍, പൊടിപടലങ്ങള്‍ തിരിച്ചറിയാനുള്ള സെന്‍സറുകള്‍, സുരക്ഷാ ക്യാമറകള്‍ എന്നിവ തകര്‍ന്നു. 

സിസിടിവിയില്‍ ടിപ്പറിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും നമ്പര്‍ വ്യക്തമല്ലെന്നാണ് വിശദീകരണം. ലൈറ്റുകള്‍ മനഃപൂര്‍വം തകര്‍ത്തതാണോ എന്ന് സംശയമുണ്ട്. ലൈറ്റുകള്‍ തകരുന്നതിന്റെ ശബ്ദം കേട്ടതോടെ ടിപ്പര്‍ നിര്‍ത്തി. പിന്നീട് പിന്‍വശം താഴ്ത്തി ഓടിച്ചു പോകുകയായിരുന്നു. ടിപ്പറിനായി തെരച്ചില്‍ ആരംഭിച്ചു. 

സംഭവത്തില്‍ കേസെടുത്തതായി പോലീസ് അറിയിച്ചു. ലൈറ്റുകള്‍ തകര്‍ന്ന ഭാഗത്ത് ബാരിക്കേഡ് വെച്ച് ഒരു ഭാഗത്തു കൂടിയാണ് വാഹനങ്ങള്‍ കടത്തി വിടുന്നത്. കുതിരാനിലെ രണ്ടാം തുരങ്കം കഴിഞ്ഞ ദിവസം തുറന്നിരുന്നു.