വ്യാപാര യുദ്ധവും തീർന്നു; ഇറക്കുമതി തീരുവ 115% കുറയ്ക്കാൻ യുഎസും ചൈനയും തമ്മിൽ ധാരണ

ഹോങ്കോങ്∙ പരസ്പരം ചുമത്തിയ വ്യാപാരക്കരാർ 90 ദിവസത്തേക്ക് സസ്പെൻഡ് ചെയ്യാൻ യുഎസും ചൈനയും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായി. മേയ് 14 മുതൽ ചൈനീസ് ഉൽപന്നങ്ങൾക്ക് യുഎസ് ഏർപ്പെടുത്തിയ 145% തീരുവ എന്നത് 30 ശതമാനത്തിലേക്കു താഴ്ത്തും.
ചൈനയും 125% തീരുവ എന്നത് 10 ശതമാനത്തിലേക്കു താഴ്ത്തും. ഇരു രാജ്യങ്ങളും തീരുവയിൽ 115% വച്ചാണ് കുറയ്ക്കുന്നത്. മേയ് 14 മുതൽ 90 ദിവസത്തേക്കാണ് ഈ തീരുവകൾ പ്രാബല്യത്തിൽ ഉണ്ടാകുക.
സ്വിറ്റ്സർലൻഡിലെ ജനീവയിൽ ഒരാഴ്ചയോളമായി ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ നടത്തിയ ചർച്ചകൾക്കുശേഷം ഇന്നു പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം. ഭാവിയിലെ വ്യാപാര, വാണിജ്യ ബന്ധം എങ്ങനെ ആയിരിക്കണമെന്ന് ഇരുരാജ്യങ്ങളും വീണ്ടും ചർച്ച ചെയ്യുമെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു.
യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റും ചൈനീസ് ഉപ പ്രധാനമന്ത്രി ഹെ ലിഫെങ്ങും തമ്മിലായിരിക്കും ചർച്ച. ഇതു യുഎസിലോ ചൈനയിലോ മറ്റേതെങ്കിലും സ്ഥലത്തോ ആകാമെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.