മാലിന്യം നീക്കാന്‍ മാത്രമല്ല, ബസുകള്‍ മീന്‍ വില്‍ക്കാനും ഉപയോഗിക്കുമെന്ന് ഗതാഗതമന്ത്രി

 | 
ksrtc
മാലിന്യം നീക്കാന്‍ മാത്രമല്ല മീന്‍ വില്‍ക്കാനും കെഎസ്ആര്‍ടിസി ബസുകള്‍ ഉപയോഗിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു

മാലിന്യം നീക്കാന്‍ മാത്രമല്ല മീന്‍ വില്‍ക്കാനും കെഎസ്ആര്‍ടിസി ബസുകള്‍ ഉപയോഗിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ബസുകള്‍ മാലിന്യം നീക്കാന്‍ ഉപയോഗിക്കാനുള്ള തീരുമാനത്തിന് എതിരെ യൂണിയനുകള്‍ പരാതി അറിയിച്ചിട്ടില്ലെന്നും തദ്ദേശഭരണ വകുപ്പ് നിലപാട് വ്യക്തമാക്കിയാല്‍ ഉടന്‍ തന്നെ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

മാലിന്യനീക്കം സംബന്ധിച്ച് തെറ്റിദ്ധാരണയുണ്ടെങ്കില്‍ അത് നീക്കും. യൂണിയനുകള്‍ക്ക് പ്രതിഷേധമുള്ളതായി അറിയില്ല. സര്‍ക്കാര്‍ തീരുമാനങ്ങള്‍ അനുസരിക്കാന്‍ ജീവനക്കാരും യുണിയനുകളും ബാധ്യസ്ഥരാണ്. ഡ്രൈവര്‍മാര്‍ വാഹനം ഓടിച്ചാല്‍ മാത്രം മതിയാകുമെന്നും മാലിന്യം നീക്കേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.

കട്ടപ്പുറത്തായ ബസുകളാണ് മീന്‍ വില്‍പനയ്ക്ക് പരിഗണിക്കുന്നത്. ഡിപ്പോകളിലായിരിക്കും സൗകര്യം ഒരുക്കുക. മീന്‍ വില്‍പനക്കാരായ സ്ത്രീകള്‍ക്ക് നേരെ അടുത്തിടെയുണ്ടായ ദുരനുഭവങ്ങള്‍ കണക്കിലെടുത്താണ് ഇങ്ങനെയൊരു നീക്കം. ഫിഷറീസ് വകുപ്പുമായി സഹകരിച്ചായിരിക്കും കെഎസ്ആര്‍ടിസി ബസുകളില്‍ മീന്‍ വില്‍പന നടത്തുക.

നേരത്തേ കെഎസ്ആര്‍ടിസിയുടെ ഉപയോഗമില്ലാത്ത കെട്ടിടങ്ങളില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയത് വിവാദമായിരുന്നു. നഷ്ടത്തില്‍ തുടരുന്ന കോര്‍പറേഷന് ടിക്കറ്റ് ഇതര വരുമാനം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഇത്തരം ആശയങ്ങള്‍ അവതരിപ്പിച്ചതെന്ന് മന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു.