കുഴൽനാടൻ കിടന്നിടത്ത് ഉരുളുന്നു; മാന്യത ഉണ്ടെങ്കിൽ പൊതുസമൂഹത്തോടു മാപ്പ് പറയണമെന്ന് വി കെ സനോജ്

 | 
v k sanoj


സിഎംആർഎൽ വിഷയത്തിൽ മാത്യു കുഴൽനാടൻ ഉന്നയിച്ച ആരോപങ്ങളൊക്കെ പൊളിഞ്ഞെന്നും കുഴൽനാടൻ കിടന്നിടത്ത് ഉരുളുകയാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്. രാഷ്ട്രീയമാന്യത ഉണ്ടെങ്കിൽ അദ്ദേഹം പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും വി.കെ.സനോജ് പറഞ്ഞു.

ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് തെളിവുകളടക്കം പുറത്തുവന്നിട്ടും അദ്ദേഹം തിരുത്തുന്നില്ല. കുഴൽനാടൻ കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയെന്നും വലിയ സാമ്പത്തിക തട്ടിപ്പും കള്ളപ്പണ ഇടപാടും കുഴൽനാടൻ നടത്തുന്നെന്നും വി.കെ.സനോജ് ആരോപിച്ചു.

അതേസമയം മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനി സിഎംആർഎലിന് ഒരു സേവനവും നൽകാതെ അഴിമതിപ്പണം വാങ്ങിയെന്നതാണു പ്രധാന പ്രശ്നമെന്നും ജിഎസ്ടി അടച്ചോ എന്നുള്ളതല്ലെന്നും മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു. മാസപ്പടി വാങ്ങിയതിലെ അഴിമതിയാണു പ്രധാന വിഷയം. ഒരു സേവനവും നൽകാതെയാണു മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കു കോടിക്കണക്കിനു രൂപ സിഎംആർഎൽ നൽകിയത്.

അത് എന്തിനാണ് നൽകിയത് എന്ന ചോദ്യത്തിനുള്ള ഉത്തരമാണു മുഖ്യമന്ത്രിയും സിപിഐഎമ്മും പറയേണ്ടത്. അതിനുപകരം, നികുതി അടച്ചുവെന്നു പറയുന്നതു തൊടുന്യായം മാത്രമാണെന്ന് ആർക്കും മനസ്സിലാകും. അഴിമതിക്കെതിരായ ഈ പോരാട്ടം ഞാൻ അവസാനിപ്പിക്കില്ല, എത്ര വേട്ടയാടിയാലും. സമ്മർദവും ഭീഷണിയുമെല്ലാമുണ്ടെങ്കിലും പോരാട്ടം മുന്നോട്ടു കൊണ്ടുപോകുമെന്നും കുഴൽനാടൻ വ്യക്തമാക്കി.