തട്ടം എന്നാൽ ശിരോവസ്‌ത്രമാണ്, അത് ധരിക്കുന്നതുകൊണ്ട് ആർക്കും ഒരു ബുദ്ധിമുട്ടുമില്ല; എം എൻ കാരശ്ശേരി
സിപിഐഎം നേതാവ് അഡ്വ.കെ അനിൽകുമാറിന്റെ തട്ടം പരാമർശത്തിൽ പ്രതികരിച്ച് സാമൂഹ്യ നിരീക്ഷകൻ എം എൻ കാരശ്ശേരി. അനിൽകുമാറിന്റെ പ്രസ്‌താവന വളരെ ദൗർഭാഗ്യകാര്യമാണെന്ന് കാരശ്ശേരി പറഞ്ഞു. തട്ടം എന്നാൽ ശിരോവസ്‌ത്രമാണ്, അത് ധരിക്കുന്നതുകൊണ്ട് ആർക്കും ഒരു ബുദ്ധിമുട്ടുമില്ല. മദർ തെരേസ ശിരോവസ്ത്രം ധരിച്ചിരുന്നു. അതുകൊണ്ട് ആർക്കെങ്കിലും പ്രശ്‌നമുണ്ടായോ?. വിദ്യാഭ്യാസമുള്ളവരും ഇല്ലാത്തവരും തല മറയ്ക്കുന്നുവെന്നും ആർക്കാണ് അതിൽ പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു.
സിപിഐഎമ്മിലുള്ള എത്രയോ ആളുകൾ മതാനുഷ്‌ഠിത കാര്യങ്ങൾ പിന്തുടരുന്നുണ്ട്. ശബരിമലയിലും ഹജ്ജിനും പോകുന്ന എത്രയോ സഖാക്കന്മാരുണ്ട്. മതാനുഷ്ഠാനം എന്നുള്ളത് നമുക്ക് ഭരണഘടന നൽകിയ വിശ്വാസസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. അത് സാമൂഹ്യദ്രോഹം ആകുന്നുണ്ടെങ്കിൽ ഒരു വിശ്വാസവും അനുവദിക്കാൻ പറ്റില്ല. തട്ടം വേറെ ഒരാളെ ബാധിക്കുന്നില്ല, അത് ഇട്ട ആളെ മാത്രമേ ബാധിക്കുന്നുള്ളൂ. സംഘ പരിവാർ ലക്ഷ്യം വയ്ക്കുന്നത് മുസ്‌ലിംമുകളെയാണ്, ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം ആകുമോയെന്ന ഭീതി നിലനിൽക്കുമ്പോഴാണ് ഇത്തരത്തിലുള്ള പ്രസ്‍താവനകൾ സിപിഐഎം നേതാവിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് എം എൻ കാരശ്ശേരി പറഞ്ഞു .