കേസിന് വഴിത്തിരിവായത് രേഖാചിത്രം, പ്രതികളുടെ ചിത്രം വരച്ച ദമ്പതികൾക്ക് അഭിനന്ദന പ്രവാഹം

 | 
llllllllllll

ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസിന് വഴിത്തിരിവായത് രേഖാചിത്രമാണ്. പിടിയിലായ മുഖ്യപ്രതി പത്മകുമാറിൻറെ ഫോട്ടോ പുറത്തുവന്നതോടെയാണ് രേഖാചിത്രം അത്രയധികം കൃത്യമായിരുന്നു എന്ന് ജനം മനസിലാക്കിയത്. രേഖാചിത്രം വരച്ചത് ദമ്പതികളായ സ്മിതയും ഷജിത്തുമാണ്. ഇരുവരും ചിത്രകരായ ദമ്പതികളാണ്. ആദ്യമായാണ് ഇത്തരമൊരു രേഖാചിത്രം ഇരുവരും വരയ്ക്കുന്നത്. അഞ്ച് മണിക്കൂർ കൊണ്ടാണ് രേഖചിത്ര പൂർത്തിയാക്കിയത് എന്ന് ദമ്പതികൾ പറഞ്ഞു. രേഖാചിത്രത്തിന് പ്രതിയുമായുള്ള സാമ്യം സാമൂഹ്യമാധ്യമങ്ങളിൽ ഏറെ പ്രശംസ നേടിയിരുന്നു.


ഓരോ ഭാഗങ്ങൾ വരയ്ക്കുമ്പോഴും കുഞ്ഞിനോട് വിവരങ്ങൾ ചോദിക്കുമ്പോൾ അവൾക്ക് നല്ല ധാരണയുണ്ടായിരുന്നുവെന്ന് ഷാജിത്ത് പറഞ്ഞു. പ്രതികളുമായി രണ്ട് ദിവസത്തെ പരിചയമുണ്ടായിരുന്നത് കൊണ്ടുതന്നെ കുഞ്ഞിന് അവരെക്കുറിച്ച് നല്ല വ്യക്തതയുണ്ടായിരുന്നുവെന്നും ഷജിത്ത് ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം 

കൊല്ലം ഓയൂരിലെ അഭിഗേൽ സാറയെ തട്ടി കൊണ്ട് പോയ രാത്രി 12 മണിയായപ്പോൾ ACP പ്രദീപ് സാറിന്റെ ഫോൺ വന്നു. പ്രതികളുടെ രേഖാ ചിത്രം വരയ്ക്കണം എന്ന് ആവശ്യപ്പെട്ട് ആദ്യം രണ്ട് ദൃക്സാക്ഷികളെ ഞങ്ങളുട വീട്ടിലേക്ക് കൊണ്ടുവന്നു. അവർ പറഞ്ഞതനുസരിച്ച് രേഖാചിത്രങ്ങൾ വെളുപ്പിന് 4 മണിയോടെ തയ്യാറാക്കി നൽകി. പിന്നീട് അഭിഗേൽ സാറയെ കണ്ടെത്തിയ ശേഷം കുഞ്ഞിന്റെ അഭിപ്രായം കേട്ട ശേഷം കൊല്ലം വിക്ടോറിയ ഹോസ്പിറ്റലിൽ വച്ച് മൂന്ന് രേഖാ ചിത്രം കൂടി വരച്ച് നൽകി. ഇപ്പോൾ അന്വേഷണത്തിന് നിർണ്ണായക കാരണം ഞങ്ങൾ വരച്ച രേഖാ ചിത്രങ്ങൾ കൂടി കാരണമായി എന്നറിഞ്ഞതിൽ അതിയായ സന്തോഷം കൂടെ ഉറക്കമൊഴിച്ച് നിന്ന പോലീസ് ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ , വിനോദ് റസ്പോൺസ് യു.എം ബിന്നി മറ്റ് സുഹൃത്തുക്കൾ ….. എല്ലാവർക്കും നന്ദി സ്നേഹം അഭിഗേൽ സാറ (ഞങ്ങളുടെ മിയ കുട്ടി) നിർണ്ണായക അടയാളങ്ങൾ തന്നതിന്.