കേന്ദ്രപൂളിലേക്ക് വൈദ്യുതി നല്‍കണമെന്ന് സംസ്ഥാനത്തോട് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം

 | 
electricity

കേരളം കേന്ദ്രപൂളിലേക്ക് വൈദ്യുതി നല്‍കണമെന്ന് കേന്ദ്രം. കേന്ദ്ര ഊര്‍ജ്ജ സെക്രട്ടറി ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാനത്തിന് കത്തയച്ചു. നോണ്‍ പീക്ക് ടൈമില്‍ വൈദ്യുതി നല്‍കണമെന്നാണ് ആവശ്യം. 200 മെഗാവാട്ട് കേന്ദ്രപൂളിലേക്ക് നല്‍കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.

ജലവൈദ്യുത പദ്ധതികളില്‍ നിന്ന് ഉത്പാദനം വര്‍ദ്ധിപ്പിക്കണമെന്നും അറ്റകുറ്റപ്പണികള്‍ക്കായി ഉത്പാദനം നിര്‍ത്തിവെക്കരുതെന്നും കത്തില്‍ ആവശ്യപ്പെടുന്നു. വൈദ്യുതി പ്രതിസന്ധി ഈ മാസം അവസാനത്തോടെ ഇല്ലാതാകുമെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്. രൂക്ഷമായ കല്‍ക്കരി ക്ഷാമം മൂലം വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല.

രാജ്യത്ത് പ്രതിസന്ധിയില്ലെന്നും ആര് ചോദിച്ചാലും നല്‍കാന്‍ വൈദ്യുതി കരുതിയിട്ടുണ്ടെന്നുമാണ് കേന്ദ്ര ഊര്‍ജ്ജ മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. അതേസമയം പ്രതിസന്ധി പരിഹരിക്കുന്നതിനായാണ് സംസ്ഥാനത്തോട് കേന്ദ്രം വൈദ്യുതി ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് സൂചന.