ഇന്ത്യയെയും റഷ്യയെയും അമേരിക്കക്ക് നഷ്ടമായെന്ന് തോന്നുന്നു; ട്രംപ്

അവർ ഇരുണ്ട ചൈനക്കൊപ്പം ചേർന്നെന്നും പരാമർശം
 | 
Trump and Shi

ഇന്ത്യയേയും റഷ്യയേയും പരിഹസിച്ച് ട്രംപ്. ഇന്ത്യയും റഷ്യയും 'ഇരുണ്ട, നിഗൂഢ ചൈന'യുടെ പക്ഷത്തെത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. തീരുവ പ്രശ്നത്തിൽ ഇന്ത്യ യുഎസുമായി അകലുകയും ചൈനയുമായും റഷ്യയുമായും പുതിയ സൗഹാര്‍ദം രൂപപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ട്രംപിന്‍റെ പോസ്റ്റ്.

നിഗൂഢവും ഇരുണ്ടതുമായ ചൈനയ്ക്കൊപ്പം ചേർന്നതോടെ ഇന്ത്യയേയും റഷ്യയേയും അമേരിക്കയ്ക്ക് നഷ്ടമായെന്നാണ് തോന്നുന്നത്. അവർക്ക് ദീർഘവും സമൃദ്ധവുമായ ഭാവിയുണ്ടാകട്ടെ- ട്രംപ് കുറിച്ചു. മോദി, ഷി, പുതിൻ എന്നിവർ ഒരുമിച്ചുള്ള ചിത്രത്തോടൊപ്പമായിരുന്നു കുറിപ്പ്.

അടുത്തിടെ സമാപിച്ച ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, പുതിന്‍, ഷി ജിന്‍പിങ് എന്നിവര്‍ തമ്മിൽ വലിയതോതിൽ ചർച്ചകൾ നടക്കുകയും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങള്‍ പുറത്തുവരികയും ചെയ്തിരുന്നു. മൂവരും സൗഹൃദസംഭാഷണത്തിലേര്‍പ്പെടുന്നതും പുഞ്ചിരിക്കുന്നതും അഭിവാദ്യം ചെയ്യുന്നതുമൊക്കെയായുള്ള ചിത്രം ലോകം വളരെ കൗതുകത്തോടെയാണ് വീക്ഷിച്ചത്. മോദിയും പുതിനും ഷി ജിന്‍പിങ്ങിനെ അഭിവാദ്യം ചെയ്യുന്നത്, മോദി പുതിനെ ആലിംഗനം ചെയ്യുന്നത്, മൂവരും തോളോടുതോള്‍ ചേര്‍ന്ന് നടക്കുന്നത് ഉള്‍പ്പെടെയുള്ള ചിത്രങ്ങളായിരുന്നു ഇവ.

ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കുമേൽ ട്രംപ് ഭീമമായ തീരുവ ചുമത്തിയതോടെയാണ് അമേരിക്കയിൽനിന്ന് പല രാജ്യങ്ങളും അകലുന്ന സാഹചര്യമുണ്ടായത്. ഇന്ത്യയും ചൈനയും റഷ്യയും കൂടുതൽ അടുക്കാനും ഇത് ഇടയാക്കി. ലോകത്തെ പ്രബലമായ മൂന്നു രാജ്യങ്ങൾ ചേരുന്നതോടെ പുതിയൊരു ലോകക്രമം രൂപപ്പെടാൻ വഴിയൊരുങ്ങുകയാണെന്ന വിലയിരുത്തലുകളും ഉണ്ടായിരുന്നു.

റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതി അവസാനിപ്പിക്കണമെന്ന ആവശ്യം ഇന്ത്യ നിരാകരിച്ചതോടെയാണ് ട്രംപ് ഇന്ത്യയുമായി ഇടയുന്നത്. തുടർന്ന് ട്രംപ് ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെ മറികടക്കാൻ മറ്റുരാജ്യങ്ങളുമായി കൂട്ടുചേർന്നുള്ള നയതന്ത്രത്തിനാണ് ഇന്ത്യ ശ്രമിച്ചത്. ഇത് ട്രംപിനെ പ്രകോപിപ്പിച്ചതായാണ് ഇപ്പോഴത്തെ പ്രതികരണം നൽകുന്ന സൂചന.