ജലനിരപ്പ് 140 അടി പിന്നിട്ടു; മുല്ലപ്പെരിയാര്‍ വീണ്ടും തുറന്നേക്കും
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 140 അടി പിന്നിട്ടു. രാവിലെ 9 മണിക്ക് 140 അടിയാണ് രേഖപ്പെടുത്തിയ ജലനിരപ്പ്. ജലനിരപ്പ് ഉയര്‍ന്ന വിവരം തമിഴ്‌നാട് സംസ്ഥാനത്തെ ഔദ്യോഗികമായി അറിയിച്ചു. വീണ്ടും ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ 24 മണിക്കൂറിനുള്ളില്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് പെരിയാറിന്റെ ഇരു കരകളിലും താമസിക്കുന്നവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.
വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ സെക്കന്‍ഡില്‍ 4400 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. അതേസമയം 900 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. നവംബര്‍ 20 വരെയുള്ള അപ്പര്‍ റൂള്‍ കര്‍വ് അനുസരിച്ച് 141 അടി വെള്ളം വരെ ഡാമില്‍ സംഭരിക്കാം. എന്നാല്‍ ശക്തമായ മഴ തുടരുകയാണെങ്കില്‍ ഷട്ടറുകള്‍ തുറക്കേണ്ടി വരുമെന്നാണ് കരുതുന്നത്. ഇതിന് മുന്നോടിയായാണ് 140 അടിയില്‍ തമിഴ്‌നാട് കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഇടുക്കി ഡാമിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. 2398.72 അടിയാണ് രാവിലെ രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മഴ ശക്തി പ്രാപിക്കുന്നത്. പത്തനംതിട്ട ജില്ലയുടെ നദീതീരങ്ങളില്‍ ജില്ലാ ഭരണകൂടം അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.