മൂന്ന് ഷട്ടറുകളിലൂടെ വെള്ളം ഒഴുക്കിയിട്ടും ജലനിരപ്പ് താഴാതെ മുല്ലപ്പെരിയാര്‍
മൂന്നു ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴുന്നില്ല. ഇന്നലെ രാത്രി 9 മണിക്കാണ് മൂന്നാമത്തെ ഷട്ടര്‍ ഉയര്‍ത്തി വെള്ളം കൂടുതല്‍ ഒഴുക്കാന്‍ തുടങ്ങിയത്. എന്നിട്ടും ശനിയാഴ്ച രാവിലെ 138.85 അടിയില്‍ തന്നെ ജലനിരപ്പ് തുടരുകയാണ്. നിലവില്‍ 825 ഘനയടി വെള്ളമാണ് പുറത്തുവിടുന്നത്. ഇതേത്തുടര്‍ന്ന് പെരിയാറില്‍ ഒന്നര അടിയോളം ജലനിരപ്പ് ഉയര്‍ന്നു.
പക്ഷേ ഇടുക്കി ജലസംഭരണിയിലെ ജലനിരപ്പില്‍ വര്‍ദ്ധനയുണ്ടായിട്ടില്ലെന്നാണ് കണക്കുകള്‍. അതുമാത്രമല്ല, ഇടുക്കിയിലെ ജലനിരപ്പ് കുറയുകയും ചെയ്തു. മുല്ലപ്പെരിയാറില്‍ നിന്ന് സെക്കന്‍ഡില്‍ 23,000 ലിറ്റര്‍ വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ടെങ്കിലും വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമായി തുടരുന്നത് മൂലം നീരൊഴുക്ക് ശക്തമാണ്. ഡാമിലേക്ക് എത്തുന്നതിന് ആനുപാതികമായി പുറത്തേക്ക് വെള്ളം ഒഴുകുന്നില്ലെന്നാണ് വിലയിരുത്തല്‍.
ജലനിരപ്പ് കുറയ്ക്കാന്‍ തമിഴ്‌നാട് കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ആവശ്യപ്പെട്ടു. ആവശ്യമാണെങ്കില്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി അധികജലം പുറത്തേക്ക് ഒഴുക്കണം. അത് പെരിയാറിനെയോ ഇടുക്കി അണക്കെട്ടിനെയൊ ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മുല്ലപ്പെരിയാറില്‍ നിലവില്‍ ഓറഞ്ച് അലര്‍ട്ടാണ് നിലവിലുള്ളതെന്നും റെഡ് അലര്‍ട്ട് അല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.