ലോകകപ്പിന് ഇന്ന് അർധരാത്രി തുടക്കം

16 വേദികൾ, 48 ടീമുകൾ, 104 മത്സരങ്ങൾ; 
 | 
world cup

സമുദ്രനിരപ്പിൽനിന്ന് 2200 മീറ്ററോളം ഉയരത്തിലുള്ള ചരിത്രപ്രസിദ്ധമായ ആസ്‌ടെക്ക സ്റ്റേഡിയം വ്യാഴാഴ്ച രാത്രി ആരാധകരുടെ ആവേശത്തിരയിൽ ഒന്നുകൂടി ഉയർന്നുനിൽക്കും. ആരവങ്ങൾക്കു നടുവിൽ ഇന്ത്യൻസമയം രാത്രി 12.30-ന് മെക്സിക്കോ-ദക്ഷിണാഫ്രിക്ക മത്സരത്തിന് കിക്കോഫാകുന്നതോടെ ഒരു പന്തിന്റെ ഗോളാന്തരയാത്രയ്ക്ക് തുടക്കമാകും. 23-ാമത് ഫുട്ബോൾ ലോകകപ്പിന് സമാരംഭം. പിന്നെ 39 ദിവസം ലോകത്തിന്റെ മുക്കുംമൂലയും ‘ട്രയോൺഡ’ എന്ന പന്തിന്റെ അനിശ്ചിതപ്രവാഹത്തിനൊപ്പം ഊയലാടും.

മൂന്നു രാജ്യങ്ങളിലെ 16 വേദികൾ, 48 ടീമുകൾ, 104 മത്സരങ്ങൾ, ആയിരത്തിലേറെ കളിക്കാർ, അനേകകോടി കാണികൾ, കളിയുടെ ആനന്ദം, വിജയത്തിന്റെ മാഹാത്മ്യം, പരാജയത്തിന്റെ വേദന... എല്ലാം ലോകം ഒരേ മനസ്സോടെ ഏറ്റുവാങ്ങും. ലോകകപ്പിലെ ഏറ്റവും വിപുലമായ ടൂർണമെന്റാണ് ഇക്കുറി യു.എസ്.എ, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായി നടക്കുന്നത്. ഇതോടെ, മൂന്നു വ്യത്യസ്ത ലോകകപ്പുകൾക്ക് വേദിയായ ഒരേയൊരു സ്റ്റേഡിയമെന്ന വിശേഷണം മെക്‌സിക്കോ സിറ്റിയിലെ ആസ്‌ടെക്ക സ്‌റ്റേഡിയം എടുത്തണിയും. 1970, 1986 ലോകകപ്പുകളിലും ഇവിടെ മത്സരമുണ്ടായിരുന്നു. ജൂലായ് 19-ന് രാത്രി 12.30-ന് യു.എസിലെ ന്യൂജെഴ്സിയിലാണ് ഫൈനൽ. ലോകകപ്പ് കളിക്കുന്ന ഖത്തർ ടീമിൽ കണ്ണൂർ സ്വദേശിയായ തഹ്സിൻ മുഹമ്മദ് ജംഷീദ് ഇടംനേടിയതിനാൽ ഈ ലോകകപ്പ‌ിൽ നമുക്കും പ്രതീക്ഷിക്കാൻ ചിലതൊക്കെയുണ്ട്…


ഇനി പോരാട്ടങ്ങളുടെ കാലം. രാജ്യങ്ങളുടെ അഭിമാനം കാക്കാൻ പോരാളികളുടെ ഇലവനുകൾ കളത്തിലേക്ക്. ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ ഉദ്ഘാടനമത്സരത്തിൽ ആതിഥേയരായ മെക്‌സിക്കോ ആഫ്രിക്കൻ കരുത്തരായ ദക്ഷിണാഫ്രിക്കയെ നേരിടും. വ്യാഴാഴ്ച രാത്രി 12.30-നാണ് കിക്കോഫ്.

2010 ലോകകപ്പിൽ ഇരുടീമുകളും ഉദ്ഘാടനമത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ മത്സരം 1-1ന് സമനിലയിലായിരുന്നു. മൂന്നാം തവണ ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന മെക്‌സിക്കോ ജയത്തുടക്കമാണ് സ്വന്തം മണ്ണിൽ ലക്ഷ്യമിടുന്നത്. 1994 മുതൽ ലോകകപ്പിലെ ആദ്യമത്സരത്തിൽ ടീം തോൽവിയറിഞ്ഞിട്ടില്ല.

ഹാവിയർ അഗ്യൂറോ പരിശീലിപ്പിക്കുന്ന മെക്‌സിക്കോ ടീമിൽ ആറാം ലോകകപ്പിനെത്തുന്ന ഗോൾ കീപ്പർ ഗ്വില്ലർമോ ഒച്ചോവയാണ് ശ്രദ്ധാകേന്ദ്രം. രണ്ട് ലോകകപ്പുകളിൽ കളിക്കാൻ കഴിയാതിരുന്ന താരം കഴിഞ്ഞ ലോകകപ്പുകളിൽ മികച്ച ഫോമിലായിരുന്നു. ക്യാപ്റ്റൻ എഡ്‌സൻ അൽവാരസ് നേതൃത്വം നൽകുന്ന പ്രതിരോധത്തിൽ വലിയ പ്രശ്നങ്ങളില്ല.