ഒമിക്രോണ്‍ വകഭേദം മറ്റുള്ളവയെ അപേക്ഷിച്ച് അപകടകാരിയാണെന്നതിന് തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന
കോവിഡ് ഒമിക്രോണ്‍ വകഭേദം മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് അപകടകാരിയും വ്യാപനശേഷിയുള്ളതും ആണെന്നതിന് വ്യക്തമായ തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന. അത്ര ഗുരുതരമല്ലാത്ത കൂടുതല്‍ രോഗലക്ഷണങ്ങള്‍ ഒമിക്രോണ്‍ ബാധിച്ചവരിലുണ്ടെന്നാണ് ചില സര്‍വകലാശാലകള്‍ നടത്തിയ പ്രാഥമിക പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ ഒമിക്രോണ്‍ മറ്റുവകഭേദങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്ന് സൂചിപ്പിക്കുന്നതിന് നിലവില്‍ വിവരങ്ങളൊന്നും ഇല്ലെന്ന് ഡബ്ല്യുഎച്ചഒ പറയുന്നു. എന്നാല്‍ പുതിയ വകഭേദത്തിന്റെ തീവ്രത മനസിലാക്കാന്‍ ആഴ്ച്ചകളെടുക്കുമെന്നും ലോകാരോഗ്യ സംഘടന കൂട്ടിച്ചേര്‍ക്കുന്നു. ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദക്ഷിണാഫ്രിക്കയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നതായി പ്രാഥമിക ഡാറ്റ സൂചിപ്പിക്കുന്നു, എന്നാല്‍ ഇത് ഒമിക്രോണ്‍ അണുബാധയുടെ ഫലമായിട്ടുള്ളതാകണം എന്നില്ല, രോഗബാധിതരുടെ എണ്ണത്തിലെ വര്‍ധന മൂലമാകാമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനെക്കുറിച്ച് വിവിധ രാജ്യങ്ങള്‍ ആലോചന ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. യുഎഇ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.