ആർക്കിടെക്ചറിൽ സംഭവിച്ച ഏറ്റവും മോശം സംഗതി കോൺക്രീറ്റിന്റെ വരവാണ്; കൗൺസിൽ ഓഫ് ആർക്കിടെക്ചർ

 | 
architecture

ആർക്കിടെക്ചറിൽ ഉണ്ടായ ഏറ്റവും മോശം സംഗതി കോൺക്രീറ്റിൻ്റെ വരവാണെന്ന് കൗൺസിൽ ഓഫ് ആർക്കിടെക്ചറിൻ്റെ പ്രസിഡൻ്റ് അഭയ് പുരോഹിത്. സാംസ്കാരിക വകുപ്പിന് കീഴിലുള്ള വാസ്തുവിദ്യാ ഗുരുകുലം സംഘടിപ്പിച്ച പൈതൃകോത്സവം 2023 ദേശീയ സെമിനാറിൻ്റെ ഭാഗമായി  നടന്ന ആക്കിടെക്ചറൽ സെമിനാർ സെഷൻ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശീയ വാസ്തുവിദ്യ എന്നത് എന്തോ താണതരത്തിലുള്ള ഒന്നാണെന്ന ധാരണ എല്ലാവർക്കുമുണ്ടെന്നും അത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം തദ്ദേശീയമായ വാസ്തുവിദ്യ മാത്രമാണ് സുസ്ഥിരമെന്ന ധാരണയും ശരിയല്ല. തടി കൊണ്ടുള്ള നിർമാണങ്ങൾക്ക് നല്ല ഈടും ഗുണവുമുണ്ട്. എന്നാൽ അതിൻ്റെ ഭാഗമായി വനനശീകരണം നടത്തേണ്ടതില്ലെന്നും മുറിക്കുന്ന മരങ്ങൾക്ക് ആനുപാതികമായി മരങ്ങൾ നട്ടുവളർത്തുന്നതരത്തിൽ ഒരു സംവിധാനം ഉണ്ടാക്കിയാൽ മതിയെന്നും അഭയ് പുരോഹിത് പറഞ്ഞു. 

കോൺക്രീറ്റ് കൊണ്ടുള്ള നിർമിതികൾക്ക് പരമാവധി 75 വർഷം വരെയേ ആയുസുണ്ടാകാറുള്ളൂ എന്നും അതേസമയം തദ്ദേശീയവും പരമ്പരാഗതവുമായ വാസ്തുവിദ്യ ഉപയോഗിച്ചുള്ള നിർമിതികൾ നൂറ്റാണ്ടുകൾ നിലനിൽക്കാറുണ്ടെന്നും മറ്റൊരു സെഷൻ അവതരിപ്പിച്ച ആർക്കിടെക്ട് ഡോ. ബെന്നി പുരോഹിത് പറഞ്ഞു. കോൺക്രീറ്റ് നിർമിതികളുടെ മേൽക്കൂരയിൽ ചോർച്ചയുണ്ടാകുന്നതും അവയുടെ ഭാഗങ്ങൾ അടർന്നു വീഴുന്നതും സാധാരണയാണ്. ഇതേക്കുറിച്ച് 1973ൽ പ്രസിദ്ധീകരിച്ച 'ഫ്ലാറ്റ് റൂഫ് സ്കാൻഡൽ കോൺക്രീറ്റ് റൂഫ് ലീക്കേജ്' എന്ന ഒരു ലേഖനവും ബെന്നി കുര്യാക്കോസ് ഉദ്ധരിച്ചു. ഇതേത്തുടർന്ന് വാട്ടർപ്രൂഫ് ഇൻഡസ്ട്രി നിർമാണമേഖലയിലെ ഒരു പ്രധാനഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കോൺക്രീറ്റ് കൊണ്ടുള്ള ആധുനിക നിർമിതികൾ നമ്മുടെ കാലാവസ്ഥയ്ക്ക് ഒട്ടും അനുയോജ്യമല്ല. 'പടിഞ്ഞാറൻ വാസ്തുവിദ്യ ഇന്ത്യയിലെ താപതരംഗം കൂടുതൽ മോശമാക്കുന്നു' എന്ന തലക്കെട്ടിൽ ടൈം മാഗസിൻ കഴിഞ്ഞ വർഷം ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്ന കാര്യവും അദ്ദേഹം ഓർമിപ്പിച്ചു. ആധുനിക നിർമിതികളിൽ ഉപയോഗിക്കുന്ന പലവസ്തുക്കളും ആരോഗ്യത്തിനും പ്രകൃതിയ്ക്കും ദോഷകരമാണ്. പ്ലൈവുഡിൽ കാർസിനോജനായ ഫോർമാൽ ഡിഹൈഡ് അടങ്ങിയിട്ടുണ്ടെന്ന് പലർക്കും അറിയില്ല. ഈ അടുത്താണ് ഫോർമാഡിഹൈഡ് ഇല്ലാത്ത പ്ലൈവുഡുകൾ വിപണിയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

സെമിനാർ സെഷന് ശേഷം നടന്ന ചോദ്യോത്തരവേളയിൽ മരിയൻ കൊളേജ് ഓഫ് ആർക്കിടെക്ചറിൻ്റെ പ്രിൻസിപ്പൽ സുജ എസ് കർത്ത മോഡറേറ്റർ ആയി. ലെവി ഹാളിൽ നടന്ന സെമിനാർ സെഷന് ശേഷം ഒന്നാം വേദിയായ സാംസ്കാരിക വകുപ്പ് ആസ്ഥാന അങ്കണത്തിൽ നടന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ആണ് ഉദ്ഘാടനം ചെയ്തത്. മൂന്ന് ദിവസമായി നടന്നുവരുന്ന ദേശീയ സെമിനാർ ആണ് ഇന്ന് അവസാനിച്ചത്.