യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ കള്ളവോട്ടിനായി ഹാക്കർമാരെ ഉപയോഗിച്ചു; കനഗോലുവിന്റെ ഇടപെടൽ അന്വേഷിക്കണമെന്ന് എ എ റഹീം

 | 
mnu


  യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ കള്ളവോട്ടിനായി ഹാക്കർമാരെ ഉപയോഗിച്ചതായി എ എ റഹീം എംപി. ഈ കേസിൽ മലപ്പുറം സ്വദേശിയായ ഒരു ഹാക്കറെ ചോദ്യം ചെയ്തിട്ടുണ്ടെന്നും ഇയാളുടെ സേവനം കള്ളവോട്ട് ചെയ്യാൻ യൂത്ത് കോൺഗ്രസിന്റെ ഒരു വിഭാഗം പ്രയോജനപ്പെടുത്തിയെന്നും റഹിം ആരോപിച്ചു. മുൻ എംഎൽഎ, നിലവിലെ പാലക്കാട് എംഎൽഎ, തെരഞ്ഞെടുക്കപ്പെട്ട പുതിയ അധ്യക്ഷൻ എന്നിവർക്ക് കേസിൽ പങ്കുണ്ട്. സംഭവത്തിലെ സുനിൽ കനഗോലുവിൻ്റെ ഇടപെടൽ അന്വേഷിക്കണമെന്നും എ എ റഹീം ആവശ്യപ്പെട്ടു.


നിലവിൽ വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരിക്കുകയാണ് എ എ റഹീം. തിരിച്ചറിയൽ കാർഡ് വ്യാജമായി സൃഷ്ടിച്ച സംഭവം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് റഹീം വ്യക്തമാക്കി. ഈ ആപ്പിന്റെ സഹായത്തോടെ ആരുടെയും തിരിച്ചറിയൽ കാർഡ് തയ്യാറാക്കാൻ കഴിയും. ഇതുവഴി തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കഴിഞ്ഞേക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ സംഭവത്തിൽ ഇടപെടണമെന്നും എ എ റഹീം ആവശ്യപ്പെട്ടു.