മോഷണത്തിന് എത്തുന്നത് വിമാനത്തിൽ; യുപി സംഘത്തിലെ 11 പേർ കേരളത്തിൽ പിടിയിൽ

കവർച്ചയ്ക്ക് ഉപയോഗിക്കാനുള്ള സ്‌കൂട്ടറുകൾ ട്രെയിൻ മാർഗമെത്തിക്കും
 | 
UP Robbers

ഉത്തർപ്രദേശിൽനിന്നും മോഷണ സംഘമെത്തുന്നതും തിരികെ പോകുന്നതും വിമാനത്തിൽ, സഞ്ചരിക്കാനുള്ള ഇരുചക്ര വാഹനങ്ങളെത്തുന്നത് ട്രെയിനിൽ. കേരളത്തിലെത്തി കവർച്ച നടത്തുന്ന, വിമാനത്തിൽ പറക്കുന്ന ഉത്തർപ്രദേശിൽ നിന്നുള്ള വൻ അന്തർസംസ്ഥാന മോഷണ സംഘത്തെ പൊലീസ് പിടികൂടി. പ്രധാനമായും ബിഎസ്എൻഎലിന്റെ ഔട്ട്ഡോർ ജംക്‌ഷൻ ബോക്സുകളിൽ നിന്നുള്ള ചെമ്പ് കേബിളുകളും പൂട്ടിയിട്ട വാണിജ്യ സ്ഥാപനങ്ങളുമാണ് ഈ സംഘം ലക്ഷ്യമിട്ടിരുന്നത്. ഈ സംഘത്തിലെ 11 പേരാണ് തൃശൂർ, എറണാകുളം, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നായി അറസ്റ്റിലായത്. യുപിയിലെ മീററ്റ്, ബാഗ്പത് സ്വദേശികളാണ് പിടിയിലായവർ.

ലഹരിക്കും ആർഭാടത്തിനും പണം വേണം; കുഴൽനാടന്റെ വീട്ടിൽ കയറിയ മോഷ്ടാവ് പിടിയിൽ
തൃശൂർ പറവട്ടാനിയിൽ വച്ച് കെഎസ്ഇബി ജീവനക്കാരുടെ വേഷത്തിൽ ബിഎസ്എൻഎൽ കേബിൾ മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെയാണ് സംഘത്തിലെ ഒരാൾ പിടിയിലാകുന്നത്. നീല യൂണിഫോമും മഞ്ഞ ഹെൽമറ്റും ധരിച്ചെത്തിയ ഇവരുടെ നീക്കങ്ങളിൽ സംശയം തോന്നിയ ഓട്ടോറിക്ഷാ ഡ്രൈവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തിയതോടെ സംഘം ചിതറിയോടിയെങ്കിലും മീററ്റ് സ്വദേശിയായ റെഹാൻ എന്നയാളെ പൊലീസ് പിന്തുടർന്ന് പിടികൂടി.

ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റ് സംഘാംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. തുടർന്ന് കളമശേരിയിലെ ലോഡ്ജിൽ റെയ്ഡ് നടത്തി മുഹമ്മദ് ഫർമാൻ അൻസാരി, മുഹമ്മദ് വാരീസ്, മുഹമ്മദ് സൽമാൻ, ഷാകുൽ, ഗൗരവ് കുമാർ എന്നിവരെ കളമശേരി പൊലീസിന്റെ സഹായത്തോടെ തൃശൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനു പുറമേ കണ്ണൂർ സർക്കാർ ട്രെയിനിങ് സ്കൂളിന് സമീപം രാത്രി പട്രോളിങ്ങിനിടെ സംശയകരമായി കണ്ട മുഹമ്മദ് സാജിദ് അൻസാരി, മോനീഷ്, മൊഹ്സിൻ, സമീർ, മുഹമ്മദ് സാഹിൽ എന്നിവരെ കണ്ണൂർ ടൗൺ െപാലീസും പിടികൂടി. ഇവരിൽനിന്ന് കേബിൾ കട്ടറുകൾ, ഏതു പൂട്ടും തുറക്കാനാവുന്ന ഉപകരണങ്ങൾ, സ്മാർട്ട്ഫോണുകൾ, 90,500 രൂപ എന്നിവ കണ്ടെടുത്തു.

വളരെ ആസൂത്രിതമായാണ് സംഘം കവർച്ചകൾ നടത്തിയിരുന്നത്. സംഘാംഗങ്ങൾ ഉത്തർപ്രദേശിൽനിന്ന് വിമാന മാർഗം കേരളത്തിലെത്തുമ്പോൾ കവർച്ചയ്ക്ക് ഉപയോഗിക്കാനുള്ള സ്‌കൂട്ടറുകൾ ട്രെയിൻ മാർഗമാണ് അയച്ചിരുന്നത്. എറണാകുളത്ത് ട്രെയിൻ വഴി എത്തിച്ച ഇരുചക്രവാഹനങ്ങളിലാണ് ഇവർ വിവിധ ജില്ലകളിൽ കവർച്ചയ്ക്കായി സഞ്ചരിച്ചത്. കവർച്ച നടത്തിയ ശേഷം മോഷ്ടിച്ച ചെമ്പ് കമ്പികളും മറ്റും വിറ്റ് പണമാക്കും. തുടർന്ന് സ്കൂട്ടറുകൾ ട്രെയിനിൽ തിരികെ അയച്ച്, വിമാനമാർഗം ഇവർ യുപിയിലേക്ക് മടങ്ങുകയാണ് പതിവ്. സംഘത്തിന്റെ പക്കൽ നിന്ന് എയർ ഇന്ത്യ വിമാന ടിക്കറ്റുകളും റെയിൽവേ പാക്കിങ് മാറ്റാത്ത സ്കൂട്ടറും പൊലീസ് പിടിച്ചെടുത്തു. മോഷ്ടിച്ച മുതലുകൾ വാങ്ങിയ പ്രാദേശിക സ്ക്രാപ്പ് വ്യാപാരികളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു.