നടി കരഞ്ഞുകൊണ്ട് ഇറങ്ങിവരുന്നത് കണ്ടവരുണ്ട്; പോലീസ് കമ്മീഷണർ
ഷൂട്ടിങ് സൈറ്റിൽ വച്ചാണ് നടിക്കെതിരെ അതിക്രമം ഉണ്ടായതെന്നും അതിജീവിതയായ നടി കരഞ്ഞുകൊണ്ട് ഇറങ്ങിവരുന്നത് കണ്ടതിനു സാക്ഷികളുണ്ടെന്നും കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ. സംവിധായകൻ രഞ്ജിത്തിനെതിരായ പരാതിയിൽ കഴമ്പുണ്ടെന്ന് പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്. രഞ്‍ജിത്ത് ഒളിവിൽ പോകാൻ ശ്രമിച്ചതായാണ് സൂചനയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. നടിയുടെ പീഡന പരാതിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് രഞ്ജിത്തിനെ അറസ്റ്റു ചെയ്തത്. കൊച്ചിയിൽനിന്ന് തൊടുപുഴയിലേക്ക് പോകുമ്പോഴായിരുന്നു അറസ്റ്റ്. കൊച്ചി ഡിസിപി അശ്വതി ജിജിയുടെ മേൽനോട്ടത്തിൽ നാലംഗ പ്രത്യേക അന്വേഷണ സംഘമാണ് (എസ്ഐടി) കേസ് അന്വേഷിക്കുന്നത്.
രഞ്ജിത്തിൽനിന്ന് അതിക്രമം നേരിട്ട ശേഷം അതീജീവിത മാനസികമായി ഏറെ പ്രശ്നങ്ങൾ നേരിട്ടെന്നും ഇതിനായി കൗൺസിലിങ് അടക്കമുള്ള ചികിത്സ തേടിയെന്നും പൊലീസ് വ്യക്തമാക്കി. പിന്നീടാണ് അതിജീവിതയും കുടുംബവും പൊലീസിൽ പരാതി നൽകിയത്. മൊഴിയെടുത്തപ്പോൾ അവർ അതിക്രമം നേരിട്ടിട്ടുണ്ടെന്ന് മനസിലായി. തുടർന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന എസ്ഐടി രൂപീകരിച്ചു. വിശദമായ മൊഴിയെടുത്ത ശേഷം പ്രാഥമിക അന്വേഷണം നടത്തി. പരാതിയിൽ കഴമ്പുണ്ടെന്ന് മനസിലാക്കി മുന്നോട്ടു പോവുകയായിരുന്നു എന്നും കമ്മിഷണർ വ്യക്തമാക്കി. ഇതിനിടെ യുവനടിയുടെ പരാതിയോത്തുടർന്ന് സംവിധായകൻ രഞ്ജിത്തിനെ ഫെഫ്കയിൽനിന്ന് സസ്പെൻഡ് ചെയ്തു.
