കോടതി ഭാഷയിൽ ലിംഗവിവേചനപരമായ പരാമർശങ്ങൾ പാടില്ല; സുപ്രീംകോടതി

 | 
supreme court

കോടതി ഭാഷയിൽ ലിംഗവിവേചനപരമായ പരാമർശങ്ങൾ പാടില്ലെന്ന് സുപ്രീംകോടതി. വേശ്യ, അവിഹിതം, പ്രകോപന വസ്ത്രധാരണം എന്നീ പ്രയോഗങ്ങൾ ഒഴിവാക്കി കൈ പുസ്തകമിറക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ പ്രത്യേക താൽപര്യപ്രകാരമാണ് ലിംഗ സ്റ്റീരിയോടൈപ്പുകളെ ഒഴിവാക്കാൻ ‘ഹാൻഡ്‌ബുക്ക് ഓൺ കോംബാറ്റിംഗ് ജെൻഡർ സ്റ്റീരിയോടൈപ്പ്സ്’ എന്ന പേരിൽ കൈപ്പുസ്തകം തയ്യാറാക്കിയത്.


സുപ്രീം കോടതിയുടെ ജെൻഡർ സെൻസിറ്റൈസേഷൻ ആൻഡ് ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലാണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പദ്ധതി പ്രഖ്യാപിച്ചത്. കോടതി ഉത്തരവുകളിൽ ഒഴിവാക്കേണ്ട അനുചിതമായ ലിംഗപദവികൾ, സ്ത്രീകളെ കുറിച്ചുള്ള സ്റ്റീരിയോടൈപ്പുകൾ തിരിച്ചറിയാനും മനസിലാക്കാനും ജഡ്ജിമാരെയും നിയമ സമൂഹത്തയും പാകപ്പെടുത്താനും വേണ്ടിയാണ് കൈപ്പുസ്തകം ഉപയോഗിക്കുന്നത്.

കൈപ്പുസ്തകത്തിൽ ലിംഗപരമായി ശരിയല്ലാത്ത പദങ്ങളുടെ അർത്ഥങ്ങളുണ്ടാകും. അത്തരം പദങ്ങൾക്ക് പകരം ഉപയോഗിക്കാൻ സാധിക്കുന്ന ബദൽ പദങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. വേശ്യ, ഫോഴ്സബിൾ റേപ്, ചൈൽഡ് പ്രോസ്റ്റിറ്റിയൂട്ട്, അവിഹിതം, പ്രകോപന വസ്ത്രധാരണം, വീട്ടമ്മ, കരിയർ വുമൺ, ഇന്ത്യൻ/വിദേശ സ്ത്രീ തുടങ്ങിയ വാക്കുകൾ ഉപയോഗിക്കരുതെന്ന് പുസ്തകത്തിൽ പറയുന്നു.

വാർപ്പുമാതൃകകളെ തകർത്ത് ലിംഗനീതിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് കോടതിയുടെ ലക്ഷ്യമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സ്ത്രീകളെ മുൻവിധികളോടെ സമീപിക്കുന്ന പരാമർശങ്ങളെ കോടതിമുറികളിൽ നിന്ന് മാറ്റിനിർത്താനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.