പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ചരിത്രപരമായ തീരുമാനങ്ങൾ ഉണ്ടാവും; നരേന്ദ്ര മോദി

 | 
modi

ന്യൂഡൽഹി: ഇന്ത്യയെ സംബന്ധിച്ച് നിരവധി അവസരങ്ങളാണ് വാതിൽക്കലെത്തി നിൽക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ചരിത്രപരമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നും നരേന്ദ്ര മോദി പറഞ്ഞു. വിനായക ചതുർഥി ദിവസം പാർലമെന്റിന്റെ പുതിയ കെട്ടിടത്തിൽ പാർലമെന്റ് സമ്മേളിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പുതിയ പാർലമെന്റ് മന്ദിരത്തിൽ നല്ലകാര്യങ്ങൾ മാത്രം ഉണ്ടാകട്ടെ എന്നും പ്രധാനമന്ത്രി പറഞ്ഞു. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഡൽഹി ആതിഥേയത്വം വഹിച്ച ജി20 ഉച്ചകോടിയുടെ വിജയത്തെയും പ്രധാനമന്ത്രി സൂചിപ്പിച്ചു. ജി20 ഉച്ചകോടി അഭിമാനകരമായ നേട്ടമാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി ജി 20യുടെ വലിയ വിജയത്തിന് പിന്നാലെ രാജ്യത്തിന്റെ വൈവിധ്യങ്ങളും ലോകത്തിന് കാണിച്ചു കൊടുത്തുവെന്ന് അഭിപ്രായപ്പെട്ടു. ജി 20 ലോകത്തിന് മുന്നിൽ ഇന്ത്യയുടെ ശക്തി തെളിയിച്ചു. ഇന്ത്യയുടെ വളർച്ചയെ ലോകം ഉറ്റുനോക്കുന്നു പ്രധാനമന്ത്രി പറഞ്ഞു. ഗ്ലോബൽ സൗത്തിന്റെ ശബ്ദമാകാൻ നമുക്ക് സാധിച്ചു. ജി 20യിൽ ഐക്യകണ്‌ഠേന പ്രസ്താവന നടത്താൻ സാധിച്ചതും ഇന്ത്യയുടെ ശക്തിയായി പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

വിശ്വകർമ്മ ദിനത്തിൽ വിശ്വകർമ്മ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രഖ്യാപിച്ച പദ്ധതി ഭാരതത്തിന്റെ വികസനത്തിൽ വിശ്വകർമ്മ വിഭാഗത്തിന്റെ പങ്ക് അടയാളപ്പെടുത്താൻ സഹായകമാകും. ചന്ദ്രയാൻ മൂന്ന് ദൗത്യം പ്രാചോദനകരമെന്നും ത്രിവർണപതാക ചന്ദ്രനിൽ എന്നും പ്രധാനമന്ത്രി പറഞ്ഞു. 2047ഓടെ ഭാരതം വികസിത രാജ്യമാകുമെന്നും പ്രധാനമന്ത്രി പ്രസ്താവിച്ചു.