തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭാ സ്പീക്കർ
16ാം കേരള നിയമസഭയുടെ സ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ തെരഞ്ഞെടുക്കെപ്പട്ടു. 101 വോട്ടുകൾക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്. പ്രോ ടെം സ്പീക്കർ ജി. സുധാകരൻ വോട്ട് ചെയ്തില്ല. എൽ.ഡി.എഫിൽനിന്നുള്ള എ.സി മൊയ്തീന് 35 വോട്ടുകളും എൻ.ഡി.എയുടെ ബി.ബി. ഗോപകുമാറിന് മൂന്നു വോട്ടുകളും ലഭിച്ചു. ആരുടെ വോട്ടുകളും അസാധുവായില്ല.
കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായാണ് മൂന്ന് സ്ഥാനാർഥികൾ മത്സരിച്ചത്. 139 എം.എൽ.എമാരാണ് വോട്ട് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി വി.ഡി. സതീശനാണ് ആദ്യം വോട്ട് രേഖപ്പെടുത്തിയത്. സഭയിൽ 102 അംഗങ്ങളുടെ പിന്തുണയുള്ളതിനാൽ യു.ഡി.എഫ് സ്ഥാനാർഥിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുമെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. എൽ.ഡി.എഫിന് 35ഉം എൻ.ഡി.എക്ക് മൂന്നും അംഗങ്ങളാണുള്ളത്. പ്രോ ടെം സ്പീക്കർ ജി. സുധാകരനാണ് സ്പീക്കർ തെരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങൾ നിയന്ത്രിച്ചത്. രഹസ്യബാലറ്റ് ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടന്നത്. തിരുവഞ്ചൂരിനെ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷനേതാവ് പിണറായി വിജയനും ചേർന്ന് ഇരിപ്പിടത്തിലേക്ക് ആനയിച്ചു. ഗവർണറുടെ നയപ്രഖ്യാപനത്തിനായി 29നാണ് സഭ ഇനി ചേരുക. ജൂൺ രണ്ടിനാണ് ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ്. യു.ഡി.എഫിൽ നിന്ന് ഷാനിമോൾ ഉസ്മാനാണ് മത്സരിക്കുക.
