ഇന്ത്യക്കാരെ US നാടുകടത്തുന്നത് ആദ്യമല്ലെന്ന് വിദേശകാര്യമന്ത്രി; സർക്കാർ ഇടപെട്ടില്ലെന്ന് പ്രതിപക്ഷം

 | 
s jayashankar

 ഓരോവര്‍ഷവും നൂറുകണക്കിന് ഇന്ത്യക്കാരെയാണ് അനധികൃതമായി പ്രവേശിച്ചതിന് അമേരിക്കയില്‍നിന്ന് നാടുകടത്തുന്നതെന്നും 2012-ല്‍ ഇവരുടെ എണ്ണം 530 ആയിരുന്നെങ്കില്‍ 2019-ല്‍ അത് 2000-ലേറെ ആയെന്നും മന്ത്രി രാജ്യസഭയില്‍ പറഞ്ഞു.

കഴിഞ്ഞദിവസം നാടുകടത്തിയ ഇന്ത്യക്കാരെ അമേരിക്ക കൈകാര്യംചെയ്ത രീതിയില്‍ പ്രതിപക്ഷം കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. വിഷയത്തില്‍ വിദേശകാര്യമന്ത്രി വിശദീകരണം നല്‍കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രധാനമന്ത്രിയുമായി സംസാരിച്ചശേഷമാണ് വിദേശകാര്യ മന്ത്രി രാജ്യസഭയില്‍ വിശദീകരണം നല്‍കിയത്.

യു.എസില്‍നിന്നുള്ള നാടുകടത്തല്‍ പുതിയ കാര്യമല്ല. വര്‍ഷങ്ങളായി അതുനടക്കുന്നു. ഇത് ഒരു രാജ്യത്തിന് മാത്രം ബാധകമായ നയമല്ല. അതിനാല്‍ അവിടേക്കുള്ള അനധികൃത കുടിയേറ്റത്തിലാണ് നമ്മള്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതെന്നും നാടുകടത്തുന്നവരെ മോശമായരീതിയില്‍ കൈകാര്യംചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ യു.എസുമായി ഇടപെടുന്നുണ്ടെന്നും മന്ത്രി വിശദീകരിച്ചു.

യു.എസില്‍നിന്ന് നാടുകടത്തിയവരെ തിരികെകൊണ്ടുവരാനായി കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ട് ഇടപെട്ടില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ചോദ്യം. ഇവരെ മാനുഷികമായരീതിയില്‍ തിരികെയെത്തിക്കാന്‍ ഇന്ത്യയില്‍നിന്ന് സൈനികവിമാനമോ ചാര്‍ട്ടര്‍ വിമാനമോ അയക്കാമായിരുന്നില്ലേ എന്നും പ്രതിപക്ഷം ചോദിച്ചു.

വിഷയത്തില്‍ കൊളംബിയ സ്വീകരിച്ച നിലപാടും പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ ചൂണ്ടിക്കാട്ടി. യു.എസില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാരുമായി ആദ്യ സൈനിക വിമാനം എത്തിയപ്പോള്‍ തന്നെ കൊളംബിയ വിഷയത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. യാത്രക്കാരെ കൈവിലങ്ങണിയിച്ചും പരസ്പരം ചങ്ങലകൊണ്ട് ബന്ധിച്ചും യു.എസ്. സൈനികവിമാനത്തില്‍ കൊണ്ടുവരുന്നതിനെയാണ് കൊളംബിയ എതിര്‍ത്തത്. യു.എസ്. സൈനികവിമാനങ്ങള്‍ക്ക് തങ്ങളുടെ രാജ്യത്തിറങ്ങാന്‍ കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ അനുമതി നിഷേധിക്കുകയുംചെയ്തു. പിന്നാലെ കൊളംബിയക്ക് മേല്‍ 25 ശതമാനം തീരുവ ഏര്‍പ്പെടുത്തിയാണ് യു.എസ്. തിരിച്ചടിച്ചത്.