'ഈ ഫോൺ മെയ്ഡ് ഇൻ ഇന്ത്യ അല്ല'; UPA-യ്ക്കോ NDA-യ്ക്കോ തൊഴിലില്ലായ്മ പരിഹരിക്കാനായില്ല- രാഹുൽ

പതിറ്റാണ്ടുകളായി രാജ്യം ഭരിച്ച യു.പി.എ.യ്‌ക്കോ എന്‍.ഡി.എ.യ്‌ക്കോ രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. 'മെയ്ക്ക് ഇന്‍ ഇന്ത്യ' എന്ന ആശയം നല്ലതായിരുന്നെങ്കിലും ഇത് നടപ്പാക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പരാജയപ്പെട്ടെന്നും രാഹുല്‍ഗാന്ധി ലോക്‌സഭയില്‍ പറഞ്ഞു.
രാജ്യത്തെ ഉത്പാദനമേഖലയുടെ വിഹിതം 2014-ലെ 15.3 ശതമാനത്തില്‍നിന്ന് ഇന്ന് 12.6 ശതമാനത്തിലെത്തി. 60 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇതില്‍ താന്‍ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുന്നില്ല. അദ്ദേഹം ഒന്നിനും ശ്രമിച്ചിട്ടില്ലെന്നും താന്‍ പറയുന്നില്ല. 'മെയ്ക്ക് ഇന്‍ ഇന്ത്യ' നല്ല ആശയമായിരുന്നു. പക്ഷേ, പ്രധാനമന്ത്രി നരേന്ദ്രമോദി പരാജയപ്പെട്ടുപോയെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
അതിവേഗം വളര്‍ന്നിട്ടും തൊഴിലില്ലായ്മ പരിഹരിക്കാനായില്ല എന്നത് നമ്മള്‍ നേരിടുന്ന സാര്‍വത്രികമായ പ്രശ്‌നമാണ്. യു.പി.എ.യ്‌ക്കോ ഇപ്പോള്‍ ഭരിക്കുന്ന എന്‍.ഡി.എ.യ്‌ക്കോ രാജ്യത്തെ യുവാക്കള്‍ക്ക് തൊഴിലിനെക്കുറിച്ച് വ്യക്തമായ ഒരു ഉത്തരം നല്‍കാനായിട്ടില്ല.
രാജ്യത്തെ മികച്ച കമ്പനികള്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. ഇപ്പോള്‍ ഉത്പാദനമെല്ലാം നമ്മള്‍ ചൈനയ്ക്ക് കൈമാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ മൊബൈല്‍ഫോണ്‍ ഉയര്‍ത്തിക്കാണിച്ചാണ് രാഹുല്‍ഗാന്ധി തുടര്‍ന്ന് സംസാരിച്ചത്. ''ഒരുരാജ്യമെന്ന നിലയില്‍ ഉത്പാദനമേഖലയെ സംഘടിപ്പിക്കുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടു. ഇതെല്ലാം നമ്മള്‍ ചൈനയ്ക്ക് കൈമാറി. ഈ ഫോണ്‍ 'മെയ്ഡ് ഇന്‍ ഇന്ത്യ' അല്ല. ഇത് ഇന്ത്യയില്‍വെച്ച് കൂട്ടിയോജിപ്പിച്ചെന്നേയുള്ളൂ. ഇതിന്റെ എല്ലാ ഘടകങ്ങളും ചൈനയില്‍ നിര്‍മിച്ചതാണ്. ഓരോ തവണയും നമ്മള്‍ ഫോണ്‍ ഉപയോഗിക്കുമ്പോഴും ബംഗ്ലാദേശി ഷര്‍ട്ട് ധരിക്കുമ്പോഴും നമ്മള്‍ അവര്‍ക്ക് നികുതി അടയ്ക്കുകയാണ്'', അദ്ദേഹം പറഞ്ഞു.
പ്രസംഗത്തിനിടെ ഇന്ത്യ-ചൈന അതിര്‍ത്തിതര്‍ക്കവും രാഹുല്‍ഗാന്ധി ചൂണ്ടിക്കാട്ടി. നമ്മുടെ 4000 ചതുരശ്ര കിലോമീറ്റര്‍ ഭൂമി ചൈനയുടെ കൈവശമാണെന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ ആരോപണം. ഒരുതുണ്ട് ഭൂമിയും ചൈനയ്ക്ക് വിട്ടുകൊടുത്തിട്ടില്ലെന്ന സര്‍ക്കാരിന്റെ വാദത്തിന് വിരുദ്ധമായാണ് സൈന്യം പറയുന്നത്. ഭൂമി ചൈന കൈവശപ്പെടുത്തിയെന്ന കാര്യം പ്രധാനമന്ത്രി നിഷേധിച്ചു. പക്ഷേ, സൈന്യം അദ്ദേഹത്തിന്റെ വാദത്തെ എതിര്‍ത്തു. ഇപ്പോള്‍ നമ്മുടെ അതിര്‍ത്തിയിലെ 4000 ചതുരശ്ര കി.മീ ചൈനയുടെ കൈയിലാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.