തൊടുപുഴ കിൻഫ്ര സ്പൈസസ് പാർക്ക് ചെറിയ മീനല്ല; ഒരുക്കിയിരിക്കുന്നത് അത്യാധുനിക സൗകര്യങ്ങൾ
കഴിഞ്ഞ ദിവസം തൊടുപുഴ, തുടങ്ങനാട് പ്രവർത്തനം ആരംഭിച്ച സ്പൈസസ് പാർക്ക് അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഒരുപടി മുന്നിൽ. സുഗന്ധവ്യഞ്ജനങ്ങളുടെ നാടായ ഇടുക്കിയിലെ സുഗന്ധവ്യഞ്ജന കൃഷിക്കും അവ ഉപയോഗിച്ചുകൊണ്ടുള് മൂല്യവര്‍ധിത ഉൽപന്ന വ്യവയസായത്തിനും വലിയ കുതിപ്പ് നല്‍കുവാന്‍ സ്പൈസസ് പാര്‍ക്ക് വഴിയൊരുക്കും. ഏകദേശം 20 കോടി മുതല്‍ മുടക്കിയാണ് ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ശേഷിക്കുന്ന 21 ഏക്കര്‍ സ്ഥലത്ത് നിര്‍മ്മാണത്തിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
ഒന്നാംഘട്ടത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന വ്യവസായ പ്ലോട്ടുകള്‍ എല്ലാം സംരംഭകര്‍ക്ക് അനുവദിച്ചുകഴിഞ്ഞു. സുഗന്ധവ്യഞ്ജന തൈലങ്ങള്‍, കൂട്ടുകള്‍, ചേരുവകള്‍, കറിപ്പൊടികള്‍, കറിമസാലകള്‍, നിര്‍ജലീകരണം ചെയ്ത സുഗന്ധവ്യഞ്ജനങ്ങള്‍, സുഗന്ധവ്യഞ്ജന പൊടികള്‍ തുടങ്ങിയ സംരംഭങ്ങള്‍ക്കാണ് സ്ഥലം അനുവദിച്ചിരിക്കുന്നത്. റോഡ്, ശുദ്ധജലം, വൈദ്യുതി തുടങ്ങിയ വ്യവസായികാവശ്യങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ സ്ഥലമാണ് വ്യവസായികള്‍ക്ക് 30 വര്‍ഷത്തേക്ക് നല്‍കുന്നത്. ഡോക്യുമെന്റേഷന്‍ സെന്റര്‍, കോണ്‍ഫറന്‍സ് ഹാള്‍, അസംസ്‌കൃത വസ്തുക്കള്‍ സൂക്ഷിക്കാനുള്ള സൗകര്യം, മാര്‍ക്കറ്റിങ് സൗകര്യം, കാന്റീന്‍, ഫസ്റ്റ് എയ്ഡ് സെന്റര്‍ , ക്രഷ് എന്നീ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള ഓഫീസ് കെട്ടിട സമുച്ചയം, വിശ്രമകേന്ദ്രം, ശൗചാലയങ്ങള്‍, എ ടി എം കൗണ്ടര്‍ എന്നിവ പാര്‍ക്കില്‍ സജ്ജമാണ്.
എല്ലാ വ്യാവസായിക പ്ലോട്ടുകളിലേക്കും പ്രവേശിക്കാവുന്ന റോഡുകള്‍, വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനുള്ള ഓടകള്‍, ചുറ്റുമതില്‍, ശുദ്ധജല വിതരണ ക്രമീകരണങ്ങള്‍ , വൈദ്യുതി വിതരണ സംവിധാനങ്ങള്‍, സ്ട്രീറ്റ് ലൈറ്റുകള്‍, മാലിന്യ നിര്‍മാര്‍ജ്ജന പ്ലാന്റ്, മഴവെള്ള സംഭരണികള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും സ്പൈസസ് പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. പാർക്കിന്റെ അടുത്ത ഘട്ടം വികസനം ഒൻപതു മാസങ്ങൾക്കുള്ളിൽ പൂർത്തിയാക്കുമെന്ന് വ്യവസായമന്ത്രി പി രാജീവ് വ്യക്തമാക്കിയിരുന്നു. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ആദ്യത്തെ സ്പൈസസ് പാർക്കാണ് തൊടുപുഴയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.