തൊണ്ടിമുതൽ തിരിമറി കേസ്: മുൻ മന്ത്രി ആന്റണി രാജു കുറ്റക്കാരൻ

തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിനൽകിയതിനെ തുടർന്ന് പ്രതി ശിക്ഷയിൽ നിന്ന് രക്ഷപെട്ടു
 | 
antony raju

തൊണ്ടിമുതൽ കേസിൽ മുൻമന്ത്രിയും നിലവിൽ എംഎൽഎയുമായ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി. തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തി പ്രതിയ്ക്ക് ശിക്ഷയിൽനിന്ന് രക്ഷപ്പെടാൻ അവസരമൊരുക്കി എന്ന കേസിലാണ് അഭിഭാഷകനായിരുന്ന ആൻറണി രാജു കുറ്റക്കാരനാണെന്ന് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി കണ്ടെത്തിയത്.

1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിമരുന്നു കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരനെ ശിക്ഷയിൽനിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിയായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്നാണ് കേസ്. അഭിഭാഷകനായ ആന്റണി രാജു കേസിലെ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിനൽകിയതിനെ തുടർന്ന് പ്രതി ശിക്ഷയിൽ നിന്ന് രക്ഷപെട്ടു. അദ്ദേഹത്തിനെതിരേ ഐപിസി 120 ബി, 201, 193, 409, 34 എന്നീ വകുപ്പുകളാണ് തെളിഞ്ഞത്. കേസിൽ രണ്ടാം പ്രതിയാണ് ആൻറണി രാജു. കോടതി ജീവനക്കാരനായ ജോസ് ആണ് ഒന്നാം പ്രതി. ജോസുമായി ആന്റണി രാജു ഗൂഢാലോചന നടത്തി തൊണ്ടിമുതൽ പുറത്തെടുത്ത് അതിൽ കൃത്രിമത്വം വരുത്തിയെന്നും അങ്ങനെ ഹൈക്കോടതിയിലെ കേസ് പ്രതിക്ക് അനുകൂലമാക്കിയെന്നും തെളിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി.

അടിവസ്ത്രത്തിൽ ഒളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്ട്രേലിയക്കാരൻ ആൻഡ്രൂ സാൽവദോർ സർവലി 1990 ഏപ്രിൽ നാലിനാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലാകുന്നത്. ഈ കേസിൽ പ്രധാന തൊണ്ടിമുതലായിരുന്നു അടിവസ്ത്രം. ഇതിൽ കൃത്രിമത്വം നടത്തിയാൽ മേൽകോടതിയിൽ അപ്പീലിൽ ഗുണം ചെയ്യുമെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സെക്ഷൻ ക്ലർക്ക് ജോസുമായി ആന്റണി രാജു ഗൂഢാലോചന നടത്തിയത്.

പ്രശസ്ത അഭിഭാഷകയായ സെലിൻ വിൽഫ്രഡാണ് പ്രതിയ്ക്ക് വേണ്ടി ഹാജരായത്. നിയമ ബിരുദം നേടിയ ആന്റണി രാജു അക്കാലത്ത് സെലിന്‍റെ ജൂനിയർ അഭിഭാഷകനായിരുന്നു. പക്ഷേ, ആ കേസ് തൊറ്റു. 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം സെഷൻസ് ജഡ്ജി കെ.വി. ശങ്കരനാരായണൻ അന്ന് ഉത്തരവിറക്കി. എന്നാൽ, തൊട്ടുപിന്നാലെ ഹൈക്കോടതിയിൽ അപ്പീൽ ഫയൽചെയ്തു.

കുഞ്ഞിരാമ മേനോൻ ആയിരുന്നു പ്രതിക്കുവേണ്ടി വക്കാലത്തെടുത്തത്. കേസിൽ ഹൈക്കോടതി പ്രതിയെ വെറുതേവിട്ടു. പ്രതിയെ വെറുതേവിടാൻ പ്രധാന കാരണമായി കോടതി ചൂണ്ടിക്കാട്ടിയത് കേസിലെ പ്രധാന തൊണ്ടിമുതലായി പൊലീസ് ഹാജരാക്കിയ അടിവസ്ത്രം പ്രതിയുടേതല്ല എന്ന വാദമാണ്. അടിവസ്ത്രം പ്രതിക്ക് ഇടാൻ കഴിയില്ലെന്ന്, നേരിട്ട്  കോടതി ഉറപ്പാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി പ്രതിയെ വെറുതെ വിട്ടു. തൊട്ടുപിന്നാലെ ആൻഡ്രൂ രാജ്യം വിടുകയായിരുന്നു.

ഓസ്ട്രേലിയയിലേക്ക് കടന്ന ആൻഡ്രൂ അവിടെ കൊലക്കേസിൽ പെടുകയും തടവിൽ വെച്ച് സഹതടവുകാരനോട് കേരളത്തിലെ കേസിനെക്കുറിച്ച് പറയുകയുമായിരുന്നു. തുടർന്ന് ഇന്റർപോൾ ആണ് സിബിഐയ്ക്ക് വിവരം കൈമാറുന്നത്. സിബിഐ കേരളാ പോലീസിന് കത്ത് നൽകി. തുടർന്നാണ് ആൻറണി രാജുവിനെതിരേ കേസെടുത്തത്.