പത്തനംതിട്ടയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി; മരിച്ചവരില്‍ ദത്തെടുത്ത് വളര്‍ത്തിയ കുട്ടിയും
പത്തനംതിട്ട കോന്നിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യാനമണ്ണില്‍ തെക്കിനേത്ത് വീട്ടില്‍ സോണി(45) ഭാര്യ റീന(44) മകന്‍ റയാന്‍(8) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ കിടപ്പുമുറിയിലാണ് റീനയുടെയും റയാന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവര്‍ വെട്ടേറ്റ് മരിച്ച നിലയിലായിരുന്നു. സോണിയുടെ മൃതദേഹം മറ്റൊരു മുറിയിലാണ് കണ്ടെത്തിയത്.
ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം സോണി ആത്മഹത്യ ചെയ്തതായിരിക്കാമെന്നാണ് നിഗമനം. കുട്ടികളില്ലാതിരുന്ന സോണിയും റീനയും ദത്തെടുത്ത് വളര്‍ത്തിയ കുട്ടിയാണ് റയാന്‍. മൃതദേഹങ്ങള്‍ക്ക് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. സോണിയെയും കുടുംബത്തെയും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു കാണാത്തതിനാല്‍ ഇന്ന് രാവിലെ ഒരു ബന്ധു അന്വേഷിച്ച് എത്തിയപ്പോഴാണ് സംഭവം അറിയുന്നത്.
തുറന്നു കിടന്ന ജനലിലൂടെ മൃതദേഹങ്ങള്‍ കണ്ടപ്പോള്‍ ബന്ധു നാട്ടുകാരെയും പോലീസിനെയും അറിയിക്കുകയായിരുന്നു. പ്രവാസിയായിരുന്ന സോണി അടുത്തിടെയാണ് തിരിച്ചെത്തിയത്. സോണിക്ക് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. പരുമലയിലെ ആശുപത്രിയില്‍ സോണി വിഷാദ രോഗത്തിന് ചികിത്സ തേടിയതായും വിവരമുണ്ട്.