തുലാമാസ പൂജകൾ പൂർത്തിയായി; ശബരിമല നട ഇന്ന് അടയ്ക്കും

 | 
shabari mala

പത്തനംതിട്ട: തുലാമാസ പൂജകൾ പൂർത്തിയാക്കിയതിനു ശേഷം ഇന്ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി ശബരിമല നട അടയ്‌ക്കും. 

ചിത്തിര ആട്ടവിശേഷത്തിനായി ക്ഷേത്രം നവംബർ 10ന് വൈകുന്നേരം 5 മണിക്ക് തുറക്കും. നവംബർ 11-നാണ് ആട്ട ചിത്തിര വിശേഷം. അന്നേദിവസം രാത്രി 10 മണിക്ക് നട അടച്ചു കഴിഞ്ഞാൽ പിന്നീട് മണ്ഡലകാല മഹോത്സവത്തിനായി നവംബർ 16 വൈകുന്നേരം 5 മണിക്ക് നട തുറക്കും. നവംബർ 17-നാണ് വൃശ്ചികം ഒന്ന്.

നട തുറന്നതിനു ശേഷം ശബരിമല മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട മൂവാറ്റുപുഴ പുത്തില്ലത്ത് മന പി.എൻ മഹേഷും നിയുക്ത മാളികപ്പുറം മേൽശാന്തി തൃശൂർ വടക്കോട്ട് പൂക്കാട്ട് മന പി.ജി മുരളിയും ഇരുമുടിക്കെട്ടുമായി സന്നിധാനത്ത് എത്തും. തുടർന്ന് നിലവിലെ മേൽശാന്തി കെ ജയരാമൻ നമ്പൂതിരി നിയുക്ത ശബരിമല മേൽശാന്തിയെ സ്വീകരിക്കും.

സന്നിധാനത്ത് നടക്കുന്ന അവരോധന ചടങ്ങിൽ നിയുക്ത മേൽശാന്തിയെ കാലശാഭിഷേകം നടത്തി ശ്രീകോവിലിനുള്ളിൽ വച്ച് ദേവന്റെ മൂലമന്ത്രം ഉപദേശിച്ച് മേൽശാന്തിയായി അവരോധിക്കും. മാളികപ്പുറത്ത് നടക്കുന്ന ചടങ്ങിൽ മേൽശാന്തിയായി പി.ജി മുരളിയെയും കലശാഭിഷേകം നടത്തി മൂലമന്ത്രം ഉപദേശിച്ച് മേൽശാന്തിയായി അവരോധിക്കും.