അങ്ങിനെ യുഎഇയിൽ ബാംഗ്ലൂരും ജയിച്ചു; മുംബൈയെ തകർത്തത് 54 റൺസിന്

ഹർഷാൽ പട്ടേലിന് ഹാട്രിക്ക്
 | 
Rcb

ദുബായ്: അറേബ്യൻ മണ്ണിലെ തുടർച്ചയായ ഏഴ് തോൽവികൾക്ക് ശേഷം കോഹ്‌ലിപ്പട ഉയർത്തെഴുന്നേറ്റു. 54 റൺസിന്റെ ആധികാരിക ജയത്തോടെ അവർ മുംബൈ ഇന്ത്യൻസിനെ മറികടന്ന് പ്ലേ ഓഫ് സാധ്യത സജീവമാക്കി. ഹാട്രിക്ക് നേടിയ ഹർഷാൽ പട്ടേൽ, തകർത്തടിച്ച ഗ്ലെൻ മാക്സ്വെൽ, അർദ്ധ സെഞ്ച്വറി നേടിയ കോഹ്‌ലി എന്നിവർ വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ചു. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ബാംഗ്ലൂർ ടീമിന് രണ്ടാം ഓവറിൽ തന്നെ ദേവദത്ത് പടിക്കലിന്റെ വിക്കറ്റ് നഷ്ടമായി. ബുംമ്രയുടെ പന്തിൽ ഡികോക് പിടിച്ചാണ് ദേവദത്ത് പൂജ്യത്തിന് പുറത്തായത്. പിന്നീട് കോഹ്‌ലിയും കീപ്പർ ബാറ്റർ  ശ്രീകർ ഭരത്തും ചേർന്ന് 68 റൺസിൻ്റെ കൂട്ടുകെട്ട് ഉണ്ടാക്കി. ഭരത്ത് 32 റൺസ് എടുത്ത് രാഹുൽ ചാഹറിന്റെ പന്തിൽ പുറത്തായി. പിന്നീട് കോഹ്‌ലിയും മാക്സ്വെല്ലും ഒത്തു ചേർന്നു. കൂറ്റൻ അടിയിലൂടെ മാക്‌സ്വെൽ ബാംഗ്ലൂരിനെ മികച്ച സ്കോറിൽ എത്തിച്ചു. കോഹ്‌ലി 43 പന്തിൽ 51ഉം മാക്സ്വെൽ 37 പന്തിൽ ബി56 റൺസും എടുത്തു. 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ആണ് ബാംഗ്ലൂർ 165 റൺസ് നേടിയത്. മുംബൈക്ക് വേണ്ടി ബുംമ്ര 3 വിക്കറ്റ് വീഴ്ത്തി.

ചേസിംഗ് തുടങ്ങിയ മുംബൈക്ക് വേണ്ടി ഓപ്പണർമാർ മാത്രമാണ് തിളങ്ങിയത്. ആദ്യ വിക്കറ്റിൽ രോഹിത്- ഡികോക് സഖ്യം 57 റൺസ് നേടി. 24 റൺസ് നേടി ഡികോകും 28 പന്തിൽ 43 റൺസ് നേടി രോഹിത്തും പുറത്തായതോടെ ടീമിന്റെ തകർച്ച തുടങ്ങി. പിന്നെ ആരും രണ്ടക്കം കടന്നില്ല. 17ഓവറിൽ ആണ് ഹർഷാൽ പട്ടേലിന് ഹാട്രിക്ക് കിട്ടിയത്. ആദ്യ പന്ത് വൈഡ്, തുടർന്ന് എറിഞ്ഞ പന്തിൽ ഹർദിക് പാണ്ഡ്യ പുറത്ത്. കോഹ്‌ലിക്ക് ക്യാച്ച്. അടുത്ത പന്തിൽ പോളാർഡ് ബൗൾഡ്. മൂന്നാം പന്തിൽ രാഹുൽ ചാഹർ വിക്കറ്റിന് മുന്നിൽ കുടുങ്ങി. അങ്ങിനെ ആർസിബിക്ക് വേണ്ടി ഐപിഎല്ലിൽ ഹാട്രിക്ക് നേടുന്ന മൂന്നാം താരമായി പട്ടേൽ. 18.1 ഓവറിൽ 111 റൺസിന് മുംബൈ ഓൾ ഔട്ട് ആയി. പട്ടേൽ നാലും ചാഹൽ 3ഉം മാക്സ്വെൽ 2 വിക്കറ്റും വീഴ്ത്തി. മാക്സ്വെൽ ആണ് മാൻ ഓഫ് ദി മാച്ച്. 

ഇതോടെ ആർസിബിക്ക് 10 കളിയിൽ നിന്നും 12 പോയിന്റ് ആയി.