നോ ഹലാല്‍ ഭക്ഷണം വിളമ്പിയതിന് മര്‍ദ്ദനമേറ്റുവെന്ന് വ്യാജപ്രചാരണം നടത്തിയ തുഷാരയും ഭര്‍ത്താവും അറസ്റ്റില്‍

 | 
Thushara

ക്രിമിനല്‍ കുറ്റം മറയ്ക്കാന്‍ വിദ്വേഷ പ്രചാരണം നടത്തിയ നോ ഹലാല്‍ ഹോട്ടല്‍ ഉടമ തുഷാരയും ഭര്‍ത്താവ് അജിത്തും അറസ്റ്റില്‍. പാലക്കാട് ഒളിവില്‍ കഴിയവെയാണ് ഇവര്‍ പിടിയിലായതെന്നാണ് വിവരം. ഇവരുള്‍പ്പെടെ 4 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ ഇവര്‍ പോലീസിന്റെ പിടിയിലായെന്നാണ് സൂചന. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.

കാക്കനാട് നിലംപതിഞ്ഞിമുകളില്‍ റെസ്റ്റോറന്റ് തല്ലിത്തകര്‍ക്കുകയും നടത്തിപ്പുകാരായ യുവാക്കളെ മര്‍ദ്ദിക്കുകയും ചെയ്ത ശേഷമാണ് ഇവര്‍ വ്യാജ പ്രചാരണം നടത്തിയത്. ഫെയിസ്ബുക്ക് ലൈവില്‍ ഉള്‍പ്പെടെ നടത്തിയ വ്യാജ പ്രചാരണം സംഘപരിവാര്‍ പ്രൊഫൈലുകള്‍ ഏറ്റെടുക്കുകയും വലിയ വിദ്വേഷ പ്രചാരണം ഇതിന് പിന്നാലെ നടക്കുകയും ചെയ്തിരുന്നു.

സോഷ്യല്‍ മീഡിയ വഴിയുള്ള വിദ്വേഷ പ്രചാരണത്തിന് ജാമ്യമില്ലാ വകുപ്പ് അനുസരിച്ചാണ് തുഷാരയ്ക്ക് എതിരെ കേസെടുത്തിരിക്കുന്നത്. മറ്റു പ്രതികള്‍ക്ക് എതിരെ വധശ്രമത്തിനും കേസെടുത്തു. കെട്ടിടത്തര്‍ക്കത്തെ തുടര്‍ന്ന് നടത്തിയ ആക്രമണം മറച്ചുവെക്കാനായിരുന്നു ഇവര്‍ വ്യാജ പ്രചാരണം നടത്തിയത്. പന്നിയിറച്ചി വിളമ്പിയതിന് ജിഹാദികള്‍ മര്‍ദ്ദിച്ചുവെന്നായിരുന്നു പ്രചാരണം.

എന്നാല്‍ ഇവരുടെ ആക്രമണത്തിന് ഇരയായ നകുല്‍, ബിനോജ് എന്നിവരുടെ പരാതിയില്‍ പോലീസ് കേസെടുക്കുകയായിരുന്നു. തുഷാരയുടെ ആരോപണത്തില്‍ കഴമ്പില്ലെന്നും വ്യാജ പ്രചാരണമാണ് ഇവര്‍ നടത്തിയതെന്നും പോലീസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.