ഇന്ന് ഗാന്ധി ജയന്തി; രാഷ്ട്ര പിതാവിന്റെ സ്മരണകളിൽ രാജ്യം

 | 
gandhiji

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 154-ാം ജന്മവാർഷികമാണ് ഇന്ന്. ഇന്ത്യയില്‍ ജനിച്ച് ലോകം മുഴുവന്‍ പ്രകാശം പരത്തിയ മഹത് വ്യക്തിത്വം. ഓരോ ഭാരതീയനും അഭിമാനംകൊണ്ട് പുളകിതനാകുന്ന നാമമാണ് ഗാന്ധിജിയുടേത്. ഗാന്ധിജിയോടുള്ള ബഹുമാന സൂചകമായി ഐക്യരാഷ്ട്രസഭ ഈ ദിവസം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നു.

മാനവിക മൂല്യങ്ങളോടും സത്യത്തോടും അഹിംസയോടും മാത്രമായിരുന്നു ഗാന്ധിജിയുടെ കൂറ്. സത്യമാണ് ദൈവം എന്ന് ഗാന്ധിജി തിരിച്ചറിഞ്ഞു. ഒരേസമയം വിശ്വാസിയായും യുക്തിചിന്തകനായും മതനിരപേക്ഷകരായും ജീവിച്ചു ഗാന്ധിജി. ആ പാതയിൽ മനുഷ്യരെ സധൈര്യം നയിച്ചു. വൈരുദ്ധങ്ങളോട് ഗാന്ധിജി നിരന്തരം സംഭവിച്ചു. പാരമ്പര്യത്തിൽ ഉറച്ചു നിന്നുകൊണ്ടുതന്നെ ആധുനിക മൂല്യങ്ങളെ പൂർണമായും ഉൾക്കൊണ്ടു. മുഴുവൻ മനുഷ്യരുടെയും ആവശ്യങ്ങൾ നിറവേറ്റാൻ ഉള്ളത് ഈ ഭൂമിയിൽ ഉണ്ടെന്നും എന്നാൽ ഒരാളുടെ പോലും ആ തൃപ്തിപ്പെടുത്താൻ അതിന് കഴിയില്ലെന്നും ഗാന്ധിജി വിശ്വസിച്ചു. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് പ്രഖ്യാപിച്ച ഗാന്ധി തന്റെ ജീവിതം ജാതി, മത ചിന്തകൾക്കപ്പുറം ഭാരതത്തെ ഐക്യപ്പെടുത്താൻ അദ്ദേഹം ഉഴിഞ്ഞുവെച്ചു. ഗാന്ധിയുടെ ആത്മീയതയിലൂന്നിയ രാഷ്‌ട്രീയ പ്രവർത്തനത്തിൽ ആകൃഷ്ടനായ രബീന്ദ്രനാഥ ടാഗോറാണ് അദ്ദേഹത്തെ ‘മഹത്മാവ്’ എന്ന് ആദ്യമായി വിശേഷിപ്പിച്ചത്.

സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷം, ഒരു പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കുമ്പോഴാണ് ഗാന്ധിജി വെടിയേറ്റു മരിച്ചത്.നാഥുറാം ഗോഡ്‌സെ എന്ന മതഭ്രാന്തൻ 1948 ജനുവരി 30 ന് വെടിയുതിർത്ത് ഇല്ലാതാക്കിയത് ലോകത്തെ എക്കാലത്തെയും വലിയ സ്വാതന്ത്ര്യ പ്രതീകത്തെ ആയിരുന്നു. ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം അദ്ദേഹത്തിന്റെ കീഴില്‍ ലഭിച്ചതാണെന്ന് ഓര്‍ക്കുമ്പോള്‍ ഗാന്ധിജിയുടെ മഹത്വം നാം തിരിച്ചറിയുന്നു.