ഇന്ന് ഹിരോഷിമ ദിനം; ലോക ചരിത്രത്തിലെ കറുത്ത അധ്യായങ്ങൾക്ക് 78 വയസ്സ്

 | 
hiroshima

ലോകമനസാക്ഷിയെ ഞെട്ടിച്ച 1945ലെ കറുത്ത ദിനങ്ങളെ ഓർമ്മപ്പെടുത്തി വീണ്ടുമൊരു ഹിരോഷിമ, നാഗസാക്കി ദിനങ്ങൾ. ലോക ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നായ ആദ്യ അണുബോംബ് ഉപയോഗത്തിന് ഇന്നേക്ക് 78 വയസ്സ് തികഞ്ഞിരിക്കുന്നു. 1945 ആഗസ്റ്റ് ആറ് തിങ്കളാഴ്ച രാവിലെ 8.15നാണ് ജപ്പാനിലെ ഹിരോഷിമയിൽ ലോകത്തെ ആദ്യത്തെ അണുബോംബ് വീണത്. 

രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനെ പരാജയപ്പെടുത്തുന്നതിനായി അമേരിക്ക കണ്ടെത്തിയ അവസാന മാർഗമായിരുന്നു അണുവായുധ പ്രയോഗം. 1945 ജൂലൈ 25-ന് അമേരിക്കൻ വ്യോമസേനയുടെ പസഫിക് മേഖലാ കമാൻഡർ ജനറലായ കാൾ സ്പാർട്സിനു ജപ്പാനിലെ രണ്ടു നഗരങ്ങളിൽ ആറ്റംബോംബ് പ്രയോഗിക്കാനുള്ള നിർദ്ദേശം ലഭിക്കുകയായിരുന്നു. ഇതിനു വേണ്ടി ആദ്യം തിരഞ്ഞെടുത്തത് ജപ്പാനിലെ സമുദ്രത്തോട് ചേർന്ന് കിടക്കുന്ന ഹിരോഷിമാ നഗരത്തെയാണ്. ജനറൽ പോൾടിബ്റ്റ്‌സ് പറപ്പിച്ച അമേരിക്കൻ വ്യോമസേനയുടെ ബി-29 ബോംബർ വിമാനമായ എനോള ഗേയിൽ നിന്നാണ് ബോംബ് പ്രയോഗിച്ചത്. ലിറ്റിൽ ബോയി എന്നായിരുന്നു ബോബിന്റെ പേര്. സൂര്യനു തുല്യം ഉയർന്നുപൊങ്ങിയ തീജ്വാലകൾ ഹിരോഷിമാ നഗരത്തെ ചാമ്പലാക്കി. പുക 40,000 അടി ഉയരത്തിൽവരെ ഉയർന്നു പൊങ്ങി. 1000 അടി ഉയരംവരെ പൊടിപടലങ്ങൾ ചുഴറ്റിയടിച്ചു. സ്ഫോടനത്തിൽ 1,40,000-ത്തോളം പേർക്ക് ജീവൻ നഷ്ടമായി. ബോംബ് വർഷത്തിന്റെ റേഡിയേഷൻ പിന്നെയും പതിറ്റാണ്ടുകളോളം ജപ്പാനെ വേട്ടയാടി. പിന്നീട് ജനിച്ച തലമുറകളെയും ആറ്റംബോംബിന്റെ പ്രത്യാഘാതങ്ങൾ വിടാതെ പിന്തുടർന്നു.അണുബോംബിന്റെ ഇരകളായ ഹിബാകുഷയെന്ന മറ്റൊരു മനുഷ്യവർഗം അന്നവിടെ ജനിച്ചു. മൂന്നു ദിവസത്തിന് ശേഷം മറ്റൊരു ജാപ്പനീസ് പട്ടണമായ നാഗസാക്കിയിലും അണുബോംബ് സ്ഫോടനം ഉണ്ടായി.

യുദ്ധം മനുഷ്യനെയും മനുഷ്യരാശിയെയും കാലങ്ങളോളം വേട്ടയാടുന്നതിൻറെ എക്കാലത്തെയും വലിയ ഉദാഹരണം കൂടിയാണ് ഹിരോഷിമ. ഹിരോഷിമ ദുരന്തത്തിലേക്ക് വീണ്ടും തിരിഞ്ഞു നോക്കുബോൾ ഇനിയൊരു ഹിരോഷിമയും അവർത്തിക്കരുതേ എന്നാണ് ലോക ജനതയുടെ പ്രാർത്ഥന.