ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ

 | 
vijayadasami

ഇന്ന് വിജയദശമി. അജ്ഞാനമാകുന്ന ഇരുളിലെ അകറ്റി അറിവിന്‍റെ പ്രകാശം പ്രദാനം ചെയ്യുന്നു എന്നതാണ് നവരാത്രി പൂജയുടേയും വിജയദശമി ആഘോഷത്തിന്‍റേയും ആചാരപ്പൊരുള്‍. പുലർച്ചെ മുതൽ സംസ്ഥാനത്തെമ്പാടും വിജയദശമി ആഘോഷം തുടങ്ങി.  ഇന്ന് കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിക്കുകയാണ്. ക്ഷേത്രങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് പൂജയെടുപ്പും വിദ്യാരംഭ ചടങ്ങുകളും നടക്കുകയാണ്. സരസ്വതീ പൂജയ്ക്ക് ശേഷമാണ് ക്ഷേത്രങ്ങളിലെ എഴുത്തിനിരുത്തൽ ചടങ്ങുകൾ നടക്കുക.

നവരാത്രി ആഘോഷങ്ങളുടെ അവസാന ദിനമാണ് വിജയദശമി.വിദ്യാദേവതയായ സരസ്വതിയും അധർമ്മത്തെ തകർത്ത് ധർമ്മം പുനസ്ഥാപിക്കുന്ന ശക്തി സ്വരൂപിണിയായ ദുർഗ്ഗയും ഐശ്വര്യദായിനിയായ മഹാലക്ഷ്മിയും ഒരുമിച്ചു പൂജിക്കപ്പെടുന്ന ദിനമാണ് ഇന്ന്.
ഉത്തരേന്ത്യയിൽ ഈ ദിവസം ദസറ ഉത്സവമായാണ് ആഘോഷിക്കുന്നത്. ലങ്കാധിപതിയായ രാവണനെ ശ്രീരാമൻ വധിച്ചതും, ദുഷ്ടനായ മഹിഷാസുരനെ ദുർഗാദേവി വധിച്ചതുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങൾ ഈ ദിവസത്തിന് ഉണ്ട്. തിന്മയ്‌ക്കെതിരായ നന്മയുടെ വിജയത്തെയാണ് ഈ ദിനത്തിലൂടെ സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത രീതിയിലാണ് ഈ ദിവസം ആഘോഷിക്കുന്നത്.