ഇന്ന് ലോക ഭക്ഷ്യ ദിനം

 | 
world food day


ഇന്ന് ലോക ഭക്ഷ്യ ദിനം. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം പതിവായി ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടുന്നതിന് ഈ ദിനം ആചരിക്കുന്നു. ജലം ജീവനാണ്, ജലം ഭക്ഷണമാണ് എന്ന ആശയത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വർഷത്തെ ഭക്ഷ്യദിനം ആചരിക്കുന്നത്. ഭക്ഷണം തന്നെയാണ് മനുഷ്യന്റെ ഏറ്റവും പ്രഥമമായ ആവശ്യം. ഭക്ഷണം കഴിഞ്ഞ് വയറു നിറഞ്ഞ ശേഷം മിച്ച ഭക്ഷണം ചവറ്റുകുട്ടയില്‍ വലിച്ചെറിയും മുമ്പ് ഒരു നിമിഷം എങ്കിലും നിങ്ങള്‍ ഓര്‍ക്കണം. ലോകമെമ്പാടും പിഞ്ചുകുട്ടികളും വയോവൃദ്ധരും ഉള്‍പെടെ ലക്ഷക്കണക്കിന് പേരാണ് ഒരു നേരത്തിനു പോലും ഭക്ഷണമില്ലാതെ പട്ടിണി കിടക്കുന്നത്. ആവശ്യത്തിന് ഭക്ഷണം മാത്രം വിളമ്പി കഴിക്കുക. ബാക്കി വരുന്ന ഭക്ഷണം എച്ചിലാക്കാതെ അതിന് വകയില്ലാത്തവര്‍ക്ക് കൂടി നല്‍കാന്‍ ശ്രമിക്കുക. ഒരു മണി ചോറുപോലും വിലപ്പെട്ടതാണെന്ന് എപ്പോഴും ഓര്‍ക്കുക.

എല്ലാവർക്കും നല്ല ഭക്ഷണം നൽകി കൂടുതൽ സുസ്ഥിരമായ ഒരു ലോകം കെട്ടിപ്പടുക്കുക, പട്ടിണി അനുഭവിക്കുന്നവർക്കും എല്ലാവർക്കും ആരോഗ്യകരമായ ഭക്ഷണക്രമം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയ്ക്കും വേണ്ടി ലോകമെമ്പാടുമുള്ള അവബോധവും പ്രവർത്തനവും പ്രോത്സാഹിപ്പിക്കുക, പോഷകാഹാരക്കുറവ്, പൊണ്ണത്തടി എന്നിവയെക്കുറിച്ച് ആളുകളെ ബോധവത്കരിക്കുന്നതിന് നിരവധി ബോധവൽക്കരണ പരിപാടികൾ നടത്തുക എന്നിവയാണ് ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്.

യുണൈറ്റഡ് നേഷൻസ് ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ 1945-ലാണ് സ്ഥാപിതമാകുന്നത്. 1979-ൽ,ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ കോൺഫറൻസിൽ, ലോക ഭക്ഷ്യദിനം എന്ന ആശയം ഔദ്യോഗികമായി അംഗീകരിച്ചു. ഇന്ത്യ ഉൾപ്പടെ നൂറ്റിയമ്പതോളം രാജ്യങ്ങൾ ഇന്ന് ലോകത്ത് ഭക്ഷ്യദിനം ആചരിക്കുന്നു.