ഇന്ന് ലോകപോളിയോ ദിനം

 | 
hugtc

പോളിയോ തുള്ളി മരുന്ന് ഓരോ കുഞ്ഞിന്റെയും അവകാശമാണ്. വൈകല്യങ്ങൾ ഇല്ലാത്ത പുതുതലമുറക്ക് വേണ്ടിയുള്ള കൂട്ടായ പ്രവർത്തനമാണ് ഓരോ പോളിയോ ദിനവും.  പോളിയോ രോഗത്തില്‍ നിന്ന് ഓരോ കുട്ടിയേയും സംരക്ഷിക്കുന്നതിനും വാക്‌സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും, പോളിയോ നിര്‍മാര്‍ജനം സാധ്യമാക്കുന്ന പ്രൊഫഷണലുകളെയും സന്നദ്ധപ്രവര്‍ത്തകരെയും ആദരിക്കുന്നതിനുമാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ 24ന് ലോക പോളിയോ ദിനം ആചരിക്കുന്നത്.

ഏതാനും വർഷങ്ങൾ മുൻപ് വരെ ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളും പോളിയോ ഭീതിയിലായിരുന്നു. വെറസ് ബാധ മൂലമുണ്ടാകുന്ന സാംക്രമിക രോഗമാണ് ഇത്. മുഖ്യമായും കൂട്ടികളാണ് പോളിയോ വൈറസിന് ഇരയായിരുന്നതെങ്കിലും മുതിര്‍ന്നവരേയും ഈ മാരകരോഗം വെറുതെ വിട്ടില്ല. വളരെ അപൂര്‍വമാണെങ്കിലും, ശ്വസിക്കാന്‍ സഹായിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളെ വരെ ഈ വൈറസ് ആക്രമിക്കും, ഇത് മരണത്തിലേക്ക് നയിച്ചേക്കാം. ചലനശേഷി നഷ്ടപ്പെടുന്നതുള്‍പ്പടെ നിരവധി അപകടങ്ങള്‍ വേറെ.

1953 ല്‍ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ജോനാസ് സാല്‍ക്ക് പോളിയോയ്ക്ക് എതിരെ വാക്‌സിന്‍ കണ്ടെത്തിയതോട് നൂറ്റാണ്ടുകള്‍ മനുഷ്യനെ ഭയപ്പെടുത്തിയ മഹാമാരിയ്ക്ക് പ്രതിവിധിയായി. വാക്‌സിന്റെ സുരക്ഷിതത്വം ഉറപ്പാക്കാനായി സ്വന്തം ശരീരത്തിലും ഭാര്യയിലും മക്കളിലും ആദ്യം പരീക്ഷിച്ച സാല്‍ക്ക് വാക്‌സിന്റെ പേറ്റന്റ്് വേണ്ടെന്ന് പറഞ്ഞു ശാസ്ത്രത്തിന്റെ മാനവിക മുഖമായി മാറി. ഏഴു ബില്ല്യണ്‍ ഡോളറോളം വരുമാനം ലഭിക്കുമായിരുന്നയിടത്തായിരുന്നു ഇത്.

1987ല്‍ ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ പോളിയോ രോഗികള്‍ ഉണ്ടായിരുന്നത് ഇന്ത്യയിൽ ആയിരുന്നു. 1988ല്‍ പോളിയോ നിര്‍മ്മാര്‍ജനത്തിനായി ലോകാരോഗ്യ സംഘടന ആഗോള പദ്ധതി പ്രഖ്യാപിച്ചു. പോളിയോ യജ്ഞത്തിലൂടെ മുന്നോട്ട് പോയ ഇന്ത്യയെ ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം 2013ല്‍ ഡബ്ല്യുഎച്ച്ഒ സമ്പൂര്‍ണ പോളിയോ വിമുക്ത രാജ്യമായി പ്രഖ്യാപിച്ചു. ‘ലോക പോളിയോ ദിനം 2023, അതിനുമപ്പുറം: അമ്മമാര്‍ക്കും കുട്ടികള്‍ക്കും ആരോഗ്യകരമായ ഭാവി’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.