ഇന്ന് ലോക ആത്മഹത്യാ പ്രതിരോധദിനം

 | 
suicide

സെപ്റ്റംബർ 10 എല്ലാ വർഷവും ആത്മഹത്യാ പ്രതിരോധ ദിനമായി ആചരിക്കുന്നു. മാനസികാരോഗ്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം പ്രചരിപ്പിക്കുന്നതിനും ആത്മഹത്യാ പ്രവണതകൾ വർധിക്കുന്നത് തടയുന്നതിനുമാണ് ഈ ദിനം ആചരിക്കുന്നത്.  'ആത്മഹത്യ തടയാം' എന്ന സുപ്രധാന സന്ദേശം നൽകുന്നതിനായി ഇന്റർനാഷണൽ അസോസിയേഷൻ ഫോർ സൂയിസൈഡ് പ്രിവൻഷനും ലോകാരോഗ്യ സംഘടനയും 2003 സെപ്തംബർ 10 ന് ഈ ദിനം ആചരിക്കാൻ തുടങ്ങി. വർധിച്ചുവരുന്ന ആത്മഹത്യകൾ ഒരു വലിയ പൊതുജനാരോഗ്യ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ലോകത്ത് പ്രതിവർഷം എട്ടു ലക്ഷത്തോളം പേർ ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ. ഇന്ത്യയിൽ ഒന്നരലക്ഷത്തിലധികം പേർ പ്രതിവർഷം ജീവനൊടുക്കുന്നു. 

കേരളത്തിൽ പ്രതിദിനം 26 ആത്മഹത്യകളും 523 ആത്മഹത്യാശ്രമങ്ങളും നടക്കുന്നുവെന്നാണ് കണക്കുകൾ. ആത്മഹത്യനിരക്ക് കുറയ്ക്കുന്നത് ലക്ഷ്യമിട്ട് ജീവരക്ഷ എന്ന പേരിൽ സംസ്ഥാനമൊട്ടാകെ കേരള സർക്കാർ ആത്മഹത്യ പ്രതിരോധ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. വിഷമത അനുഭവിക്കുന്ന ജനങ്ങളുമായി അടുത്തിടപഴകുന്ന ആരോഗ്യപ്രവർത്തകർ, അധ്യാപകർ, പൊലീസുകാർ, ജനപ്രതിനിധികൾ, പുരോഹിതർ എന്നിവർക്ക് മാനസികമായ പ്രഥമ ശുശ്രൂഷയിൽ പരിശീലനം നൽകിക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.