ടോവീനോ തോമസിനും യുഎഇ ഗോള്‍ഡന്‍ വിസ; ഇന്ന് സ്വീകരിക്കും

മോഹന്‍ലാലിനും മമ്മൂട്ടിക്കും പിന്നാലെ ടോവീനോ തോമസിനും യുഎഇയുടെ ഗോള്‍ഡന്‍ വിസ. ദുബായ് കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. 10 വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസ ടോവീനോ ഇന്ന് ഏറ്റുവാങ്ങും. കഴിഞ്ഞ ദിവസം താരം യുഎഇയില്‍ എത്തിയിരുന്നു. കലാരംഗത്തെ പ്രതിഭകള്‍, ക്രിയേറ്റീവ് സംരംഭകര്‍ തുടങ്ങി വിവിധ മേഖലകളിലുള്ള കൂടുതല്‍ പേര്‍ക്ക് കള്‍ച്ചറല്‍ വിസ നല്‍കാനൊരുങ്ങുകയാണ് യുഎഇ.
മലയാളത്തില്‍ നിന്ന് മറ്റു യുവതാരങ്ങള്‍ക്കും നടിമാര്‍ക്കും വിസ നല്‍കിയേക്കുമെന്നാണ് വിവരം. ലോകത്ത് തന്നെ ആദ്യമാണ് ഇത്തരമൊരു വിസ അനുവദിക്കുന്നത്. അല്‍ ക്വോസ് ക്രിയേറ്റീവ് സോണ്‍ വികസന പദ്ധതിയുടെ ഭാഗമായാണ് കള്‍ച്ചറല്‍ വിസ നല്‍കുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് മമ്മൂട്ടിയും മോഹന്‍ലാലും ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയത്.
അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ഷോറാഫാ അല്‍ ഹമ്മാദിയാണ് ഇരു താരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ നല്‍കിയത്. വ്യവസായി യൂസഫലിക്കൊപ്പമാണ് താരങ്ങള്‍ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങാന്‍ എത്തിയത്. ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് എന്നിവര്‍ക്ക് നേരത്തേ ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.