താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു
കനത്ത മഴയെ തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍ തുടരുന്ന സാഹചര്യത്തില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് അറിയിച്ചു. ശക്തമായ മഴയില്‍ കൂടുതല്‍ പാറക്കഷ്ണങ്ങളും മണ്ണും റോഡിലേക്ക് വീഴുന്നത് തുടരുന്ന സാഹചര്യത്തിലാണിത്. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള എമര്‍ജന്‍സി വാഹനങ്ങള്‍ പോലീസിന്റെ അനുമതിയോടെ കടത്തിവിടും.
കുറ്റ്യാടി ചുരത്തിലും ഗതാഗതക്കുരുക്കിന് സാധ്യതയുള്ളതിനാല്‍ ചുരംവഴിയുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം. നിയന്ത്രണങ്ങളുമായി ജനങ്ങള്‍ സഹകരിക്കണമെന്നും ജില്ലാകലക്ടര്‍ അറിയിച്ചു. കോഴിക്കോട് കാവിലുംപാറ, മരുതോങ്കര മലയോര മേഖലകളില്‍ ശക്തമായ മഴ തുടരുകയാണ്. തൊട്ടില്‍പ്പാലം പുഴയില്‍ ഒഴുക്ക് വര്‍ധിച്ചിട്ടുള്ളതായും അറിയിപ്പുണ്ട്. കുറ്റ്യാടി ചുരത്തില്‍ പക്രംതളത്തിന് സമീപം നേരിയ മണ്ണിടിച്ചല്‍ ഉണ്ടായതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
റോഡില്‍നിന്ന് മണ്ണ് നീക്കം ചെയ്യാനുള്ള പ്രവൃത്തികള്‍ പുരോഗമിക്കുന്നുണ്ട്. താമരശ്ശേരി തഹസില്‍ദാര്‍ സി. സുബൈര്‍ ഉള്‍പ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പോലീസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ ഏകോപിപ്പിക്കുന്നുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

