ക്ഷേത്ര പ്രവേശന പ്രക്ഷോഭങ്ങളെ അപമാനിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിവാദ നോട്ടീസ് പിൻവലിച്ചു

 | 
Notice

അമിത രാജഭക്തി തുളുമ്പുന്നതും ക്ഷേത്രപ്രവേശന പ്രക്ഷോഭങ്ങളെ അപമാനിക്കുന്നതുമായ നോട്ടീസ് പിൻവലിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ക്ഷേത്രപ്രവേശന വിളംബര വാർഷിക ദിനാചരണത്തിനായി തയ്യാറാക്കിയ നോട്ടീസാണ് വ്യാപകമായി വിമർശനങ്ങൾ ഉയർന്നതിനെത്തുടർന്ന് പിൻവലിച്ചത്. ധന്യാത്മൻ,പുണ്യശ്ലോകനായ ശ്രീചിത്തിരതിരുനാൾ മഹാരാജാവ് തിരുമനസ്സുകൊണ്ട് തുല്യം ചാർത്തിയ ക്ഷേത്രപ്രവേശന വിളംബര ദിവസം എന്ന് ആരംഭിക്കുന്ന നോട്ടീസിൽ തിരുവിതാംകൂർ രാജകുടുംബത്തിലെ അംഗങ്ങളെ അമിതമായി പുകഴ്ത്തിക്കൊണ്ടായിരുന്നു തയ്യാറാക്കിയിരുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് സാംസ്കാരിക-പുരാവസ്തു വകുപ്പ് ഡയറക്ടർ മധുസൂദനൻ നായരുടെ പേരിലായിരുന്നു നോട്ടീസ് പുറത്തിറക്കിയത്. 

നോട്ടീസിലെ വാചകങ്ങൾ ഇങ്ങനെ

"ധന്യാത്മൻ,പുണ്യശ്ലോകനായ ശ്രീചിത്തിരതിരുനാൾ മഹാരാജാവ് തിരുമനസ്സുകൊണ്ട് തുല്യം ചാർത്തിയ ക്ഷേത്രപ്രവേശന വിളംബരദിവസം സ്ഥാപിതമായ ശ്രീ ചിത്രാ കേന്ദ്ര ഹിന്ദുമത ഗ്രന്ഥശാല 'സനാധനധർമ്മം ഹിന്ദുക്കളെ ഉദ്ബോധിപ്പിക്കുക' എന്ന ഉദ്ദേശ്യത്തോടുകൂടി സ്മൃതി സന്നിഭമായ ആ രാജകൽപനയുടെ സ്മാരകമായി നിലകൊള്ളുമ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ 50-ാം വാർഷികം ആഘോഷിച്ച വേളയിൽ നിർമിച്ചിട്ടുള്ള ദേവസ്വം ബോർഡ് ആസ്ഥാനത്തെ ക്ഷേത്രപ്രവേശന വിളംബര സ്മാരകത്തിന്റെ നവീകരണ സമർപ്പണവും 87-ാം ക്ഷേത്രപ്രവേശന വിളംബരദിന സ്മരണ പുതുക്കലും ക്ഷേത്രപ്രവേശന വിളംബരദിനമായ 27-3-1199(2023 നവംബർ 13) തീയതി തിങ്കളാഴ്ച രാവിലെ 9.30ന് ബഹു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ അവർകൾ ഉദ്ഘാടനം ചെയ്യുന്നു. തദവസരത്തിൽ ജനക്ഷേമകരങ്ങളായ അനേകം പ്രവർത്തനങ്ങൾകൊണ്ടും ലളിതമധുരമായ സ്വഭാവവൈശിഷ്ട്യം കൊണ്ടും മഹാജനങ്ങളുടെ സ്നേഹബഹുമാനാദികൾക്ക് പാത്രീഭവിച്ച തിരുവിതാംകൂർ രാജ്ഞിമാരായ എച്ച്.എച്ച്.പൂയം തിരുനാൾ ഗൗരീപാർവ്വതിഭായി തമ്പുരാട്ടിയും എച്ച്.എച്ച്.അശ്വതി തിരുനാൾ ഗൗരീലക്ഷ്മീഭായി തമ്പുരാട്ടിയും ഈ മഹനീയ സംരംഭത്തിന് ഭദ്രദീപം തെളിയിച്ച് മഹാരാജാവിന്റെ പ്രതിമയ്ക്ക മുമ്പിൽ പുഷ്പാർച്ചന നടത്തുന്നു. പ്രസ്തുത മഹനീയ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുന്നതിലേയ്ക്കായി എല്ലാ ഭക്തജനങ്ങളെയും ദേവസ്വം ഉദ്യോഗസ്ഥരെയും സുവിനീതം സ്വാഗതം ചെയ്തുകൊള്ളുന്നു. ആശംസകളോടെ, ഡയറക്ടർ, സാംസ്കാരിക- പുരാവസ്തു വകുപ്പ് തിരുവിതാംകൂർ ദേവസ്വം ബോർഡ്.

Notice

Notice 1