41 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്താന്‍ ട്രംപ്; പട്ടികയില്‍ പാകിസ്താനും

 | 
trumph

41-ഓളം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നടപടികളുമായി യുഎസിലെ ട്രംപ് ഭരണകൂടം. രാജ്യങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് അവിടുത്തെ പൗരന്മാര്‍ക്ക് വിസാ വിലക്കുള്‍പ്പെടെ ഏര്‍പ്പെടുത്താനാണ് നീക്കം. ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ പാകിസ്താന്‍, ഭൂട്ടാന്‍, മ്യാന്‍മര്‍ എന്നിവിടങ്ങളിലെ പൗരന്മാർക്കടക്കം നിയന്ത്രണങ്ങള്‍ വരും.

പത്തു രാജ്യങ്ങൾ ഉൾപ്പെട്ട ആദ്യ പട്ടികയിൽ അഫ്ഗാനിസ്ഥാന്‍, ഇറാന്‍, സിറിയ, ക്യൂബ, വടക്കന്‍ കൊറിയ തുടങ്ങിയ രാജ്യങ്ങളാണുള്ളത്. ഇവിടെനിന്നുള്ളവരുടെ വിസ പൂര്‍ണമായും റദ്ദാക്കും. എറിത്രിയ, ഹെയ്തി, ലാവോസ്, മ്യാന്‍മര്‍, ദക്ഷിണ സുഡാന്‍ എന്നീ അഞ്ച് രാജ്യങ്ങളാണ് രണ്ടാം പട്ടികയിലുള്ളത്. ഇവര്‍ക്ക് വിസ അനുവദിക്കുന്നതില്‍ ഭാഗിക നിയന്ത്രണമാണ് ഉണ്ടാവുക. ടൂറിസ്റ്റ്, സ്റ്റുഡന്റ്, കുടിയേറ്റ വിസകള്‍ അനുവദിക്കുന്നതിലാണ് നിയന്ത്രണം.

26 രാജ്യങ്ങളാണ് മൂന്നാമത്തെ വിഭാഗത്തിലുള്ളത്. പാകിസ്താനും ഭൂട്ടാനുമടക്കമുള്ള രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്. 60 ദിവസത്തിനുള്ളില്‍ പോരായ്മകള്‍ പരിഹരിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറായില്ലെങ്കില്‍ ഈ രാജ്യങ്ങളിലെ പൗരന്മാരുടെ വിസ ഭാഗികമായി റദ്ദാക്കും.

ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്. പട്ടികയില്‍ മാറ്റമുണ്ടാവാമെന്നും നിലവിലെ നിര്‍ദേശത്തിന് സര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ലെന്നും വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

News Hub