ഇറാനുമായുള്ള യുദ്ധം അവസാനിച്ചെന്ന് ട്രമ്പ്

കോൺഗ്രസ് അംഗങ്ങൾക്ക് അയച്ച കത്തിലാണ് പുതിയ തീരുമാനം അറിയിച്ചത്
 | 
Donald Trump

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും അവസാനിപ്പിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. യുദ്ധം തുടരാൻ പാർലമെന്റിന്റെ (കോൺഗ്രസ്) അനുമതി ആവശ്യമില്ലെന്ന് സ്ഥാപിക്കാനാണ് ഈ നീക്കത്തിലൂടെ ട്രംപ് ശ്രമിക്കുന്നത്. വെള്ളിയാഴ്ച കോൺഗ്രസ് അംഗങ്ങൾക്ക് അയച്ച കത്തിലാണ് ഫെബ്രുവരി 28ന് ആരംഭിച്ച സംഘർഷങ്ങൾ അവസാനിച്ചതായി ട്രംപ് വ്യക്തമാക്കിയത്. വെടിനിർത്തലിനു ശേഷം ഇറാനുമായി വെടിവയ്പ്പ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

1973ലെ ‘വാർ പവേഴ്‌സ് റെസല്യൂഷൻ’ പ്രകാരം, കോൺഗ്രസിന്റെ അനുമതിയില്ലാതെ ഒരു പ്രസിഡന്റിനു 60 ദിവസം മാത്രമേ സൈനിക നടപടി തുടരാനാകൂ. ഈ കാലാവധി അവസാനിക്കവെയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. കോൺഗ്രസിനെ അവഗണിച്ച് യുദ്ധം തുടരാനുള്ള ട്രംപിന്റെ നിയമപരമായ സമയപരിധി അവസാനിച്ചെങ്കിലും, വെടിനിർത്തൽ നിലവിലുള്ളതിനാൽ തനിക്ക് കൂടുതൽ സമയം ലഭിക്കുമെന്നാണ് ട്രംപിന്റെ വാദം. എന്നാൽ, നിയമത്തിൽ വെടിനിർത്തലിനെക്കുറിച്ച് പരാമർശമില്ലെന്നും ട്രംപിന്റെ വാദം തെറ്റാണെന്നും ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ ആരോപിച്ചു.

ഇറാൻ എണ്ണക്കപ്പലുകൾ അമേരിക്കൻ കപ്പലുകളെ തടയുന്നത് ഇപ്പോഴും തുടരുന്നതിനാൽ ശത്രുത അവസാനിച്ചെന്ന് പറയാനാകില്ലെന്ന് സെനറ്റർ ജീൻ ഷഹീൻ വ്യക്തമാക്കി. പാക്കിസ്ഥാൻ മധ്യസ്ഥർ വഴി ഇറാൻ സമർപ്പിച്ച പുതിയ ചർച്ചാ നിർദേശങ്ങളും ട്രംപ് തള്ളിയിരുന്നു. ഇറാൻ ഇപ്പോഴും അമേരിക്കയ്ക്ക് വലിയ ഭീഷണിയാണെന്ന് കത്തിൽ ട്രംപ് ആവർത്തിച്ചു. യുദ്ധം അവസാനിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമങ്ങളെ റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ വോട്ടിങ്ങിലൂടെ തടയുകയാണ്.