'ട്രംപിന്റെ വെടിനിർത്തൽ പ്രസ്താവനയടക്കം ചർച്ചചെയ്യണം'; പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന് പ്രതിപക്ഷം

ലോക്സഭയിലേയും രാജ്യസഭയിലേയും പ്രതിപക്ഷ നേതാക്കൾ എന്ന നിലയിലാണ് രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും പ്രധാനമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്.
 | 
Rahul Gandhi and Gharge

ന്യൂഡൽഹി: അതിർത്തിയിൽ ഉണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പാർലമെന്റിന്‍റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകി. അടിയന്തരമായി പാർലമെന്റ് യോഗം വിളിച്ചുചേർക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

പഹൽഗാമിലെ ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ, അമേരിക്കൻ പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച വെടിനിർത്തൽ തുടങ്ങിയവയെക്കുറിച്ച് ജനങ്ങൾ അറിയേണ്ടതുണ്ട്. ചർച്ചചെയ്യേണ്ടത് അനിവാര്യമാണ്- രാഗുൽ ഗാന്ധി കത്തിൽ കുറിച്ചു. മുന്നിലുള്ള വെല്ലുവിളികളെ നേരിടാൻ ഒറ്റക്കെട്ടായി ദൃഢയനിശ്ചയമെടുക്കാനുള്ള അവസരമായി ഇത് മാറുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. ലോക്സഭയിലേയും രാജ്യസഭയിലേയും പ്രതിപക്ഷ നേതാക്കൾ എന്ന നിലയിലാണ് രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും പ്രധാനമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്.

കശ്മീർ പ്രശ്നം പരിഹരിക്കാൻ അമേരിക്ക ശ്രമിക്കുന്നുണ്ടെന്ന് പറയുന്നുണ്ട്. ഇന്ത്യ ഷിംല കരാറിൽനിന്ന് പിൻവാങ്ങിയിട്ടുണ്ടോ, മൂന്നാം കക്ഷിക്ക് ഇടപെടാനുള്ള വാതിൽ ഇന്ത്യ തുറന്നിട്ടോ തുടങ്ങിയ കാര്യങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.

വെടിനിർത്തൽ ധാരണയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച പാർലമെന്റിൽ നടത്തണമെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് ആവശ്യപ്പെട്ടു. അമേരിക്ക വെടിനിർത്തലിനെക്കുറിച്ച് പറഞ്ഞപ്പോൾ ഞെട്ടിപ്പോയി. എന്തെല്ലാം കാര്യങ്ങൾ അമേരിക്കയുമായി സർക്കാർ ചർച്ചചെയ്തെന്ന് വ്യക്തമാക്കണമെന്നും സച്ചിൻ പൈലറ്റ് ആവശ്യപ്പെട്ടു.

കോൺഗ്രസിന് പുറമെ ആർജെഡി, ശിവസേന, ബിജെഡി തുടങ്ങിയ രാഷ്ട്രീയ പാർട്ടികളും ആവശ്യമുന്നയിച്ചിട്ടുണ്ട്.