വിമാനത്തിൽ അള്ളിപ്പിടിച്ച് രക്ഷപ്പെടാൻ ശ്രമം; രണ്ടുപേർക്ക് ദാരുണാന്ത്യം

 | 
aircraft
 കാബൂള്‍ എയര്‍പ്പോര്‍ട്ടില്‍ നിന്നു പുറപ്പെട്ട വിമാനത്തിൽ അള്ളിപ്പിടിച്ച് ഇരുന്ന രണ്ടുപേരാണ് താഴേക്ക് നിലംപതിച്ചത്. അപകടത്തിന്റെ ദൃശ്യങ്ങൾ വാർത്ത ഏജൻസികൾ പുറത്തുവിട്ടു. വിമാനത്തിന്റെ ലാന്‍ഡിം​ഗ് ഗിയറില്‍ അടക്കം ഒളിച്ചിരിക്കുന്ന ജനങ്ങളുടെ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.

അഫ്​ഗാനിസ്ഥാൻ താലിബാന്‍ പിടിച്ചതോടെ  ജീവൻ നിലനിർത്താനുള്ള നെട്ടോട്ടത്തിൽ വിമാനത്തിൽ നിന്നും വീണ് രണ്ട്പേർക്ക് ദാരുണാന്ത്യം. തലസ്ഥാന   നഗരത്തില്‍ നിന്നും ജനങ്ങൾ കൂട്ടമായി പാലായനം നടത്തുന്നതിനിടയിലാണ് അപകടം ഉണ്ടായത്.  കാബൂള്‍ എയര്‍പ്പോര്‍ട്ടില്‍ നിന്നു പുറപ്പെട്ട വിമാനത്തിൽ അള്ളിപ്പിടിച്ച് ഇരുന്ന രണ്ടുപേരാണ് താഴേക്ക് നിലംപതിച്ചത്. അപകടത്തിന്റെ ദൃശ്യങ്ങൾ വാർത്ത ഏജൻസികൾ പുറത്തുവിട്ടു. വിമാനത്തിന്റെ ലാന്‍ഡിം​ഗ് ഗിയറില്‍ അടക്കം ഒളിച്ചിരിക്കുന്ന ജനങ്ങളുടെ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.

 വിമാനത്താവളത്തിൽ എത്തിയ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാഭടന്മാർ നടത്തിയ വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടതായും സൂചനയുണ്ട്. അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരിക്കലും പ്രതീക്ഷിക്കാനാവാത്ത ദയനീയ ദൃശ്യങ്ങളാണ് കാബൂൾ എയർപോർട്ടിൽ നിന്ന് പുറത്തുവരുന്നത്. അമേരിക്കന്‍ പൗരന്‍മാരെ ഒഴിപ്പിക്കാന്‍ എത്തിയ യുഎസ് വിമാനത്തിലേക്ക് ജനങ്ങള്‍ ഓടിഅടുത്തതിനെ തുടര്‍ന്ന് കാബൂള്‍ വിമാനത്താവളത്തില്‍ യുഎസ് സേന ആകാശത്തേക്ക് വെടിവച്ചിരുന്നു.  സംഘര്‍ഷത്തെ തുടര്‍ന്ന് വിമാനത്താവളത്തുനിന്നുള്ള എല്ലാ സര്‍വ്വീസുകളും നിര്‍ത്തിവച്ചു.

റൺവേയിൽ അടക്കം ജനം തമ്പടിച്ചതോടെ കാബൂൾ വിമാനത്താവളം പൂർണ്ണമായി അടച്ചു.  എല്ലാ രാജ്യങ്ങളുടെയും വിമാനസർവീസുകൾ അഫ്ഗാന്റെ വ്യോമമേഖല ഒഴിവാക്കി. യൂറോപ്യൻ രാജ്യങ്ങൾ അടക്കം അറുപതോളം രാഷ്ട്രങ്ങളുടെ പൗരന്മാർ ഇപ്പോൾ കാബൂളിൽ ഉണ്ട് . അമേരിക്ക അവരുടെ എല്ലാ ഉദ്യോഗസ്ഥരെയും ഒഴിപ്പിച്ചു കഴിഞ്ഞു. ജനങ്ങളെ സുരക്ഷിതമായി രാജ്യംവിടാൻ അനുവദിക്കണമെന്ന് വിവിധ രാജ്യങ്ങൾ താലിബാനോട് ആവശ്യപ്പെട്ടു. വിദേശികളെ അക്രമിക്കില്ലെന്നും പ്രതികാരം ആരോടുമില്ലെന്നും താലിബാൻ വക്താവ് സുഹൈൽ ഷഹീൻ പറഞ്ഞു. രാജ്യത്തിന്റെ പേരുമാറ്റി  'ഇസ്‌ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്ഥാൻ' എന്നാക്കിയതായി താലിബാൻ സ്ഥിരീകരിച്ചു. അഫ്ഗാനിൽ യുദ്ധം അവസാനിച്ചെന്ന് പ്രഖ്യാപിച്ച താലിബാൻ രാജ്യത്ത് ഇനി ഇസ്‌ലാമിക ഭരണമായിരിക്കുമെന്നും വ്യക്തമാക്കി