ഒരു ‍ബെഞ്ചിൽ രണ്ടു പേർ; സ്ക്കൂൾ തുറക്കാൻ കരട് മാർ​ഗരേഖയായി

 | 
school

ഉച്ചഭക്ഷണം ഒഴിവാക്കിയും ഒരു ബഞ്ചിൽ രണ്ടുപേരെ ഇരുത്തിയും സ്ക്കൂൾ തുറക്കാനുള്ള കരട് മാർ​ഗരേഖ തയ്യാറാക്കി. അഞ്ചുദിവസത്തിനകം അന്തിമ രേഖ പുറപ്പെടുവിക്കും. സ്കൂളുകളില്‍ ഉച്ചഭക്ഷണത്തിന് പകരം അലവന്‍സ് നല്‍കും.

 സ്കൂളിന് മുന്നിലെ കടകളില്‍ പോയി ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. ഒരു ബെഞ്ചില്‍ രണ്ടുപേര്‍ എന്ന രീതിയില്‍ ആയിരിക്കും ക്രമീകരണങ്ങള്‍. കൂട്ടം ചേരാന്‍ അനുവദിക്കില്ല. ഓട്ടോയില്‍ രണ്ട് കുട്ടികളില്‍ കൂടുതല്‍ പാടില്ല. ശശീര ഊഷ്മാവ്, ഓക്സിജന്‍ എന്നിവ പരിശോധിക്കാന്‍ സംവിധാനം ഒരുക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

ചെറിയ ലക്ഷണം ഉണ്ടെങ്കില്‍ പോലും കുട്ടികളെ സ്കൂളില്‍ വിടരുത്.. സ്കൂള്‍ വൃത്തിയാക്കാന്‍ ശുചീകരണ യജ്ഞം നടത്തും. സ്കൂള്‍ തുറക്കും മുന്‍പ് സ്കൂള്‍തല പിടിഎ യോഗം ചേരും.  ക്ലാസുകളുടെ ക്രമീകരണം, മുന്നൊരുക്കങ്ങൾ എന്നിവയ്ക്ക്  അധ്യാപക സംഘടനകളുമായടക്കം വിപുലമായ ചർച്ചകളിലേക്കാണ് സർക്കാർ നീങ്ങുന്നത്. നവംബര്‍ ഒന്നിന് സ്കൂള്‍ തുറക്കാനാണ് സര്‍ക്കാര്‍ നീക്കം.

അതേസമയം പ്ലസ് വണ്‍ പ്രവേശനത്തില്‍ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അവസരം കിട്ടും. സീറ്റ് ഒഴിഞ്ഞുകിടക്കുന്ന ജില്ലകളില്‍ നിന്ന് കുറവുള്ള ജില്ലകളിലേക്ക് മാറ്റും. മലബാര്‍ മേഖലയില്‍ 20 ശതമാനം സീറ്റ് കൂട്ടിയെന്നും മന്ത്രി പറഞ്ഞു.