കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് യുക്രൈന്‍ വിമാനം റാഞ്ചി

കാബൂള്‍: പൗരന്‍മാരെ ഒഴിപ്പിക്കാന്‍ കാബൂളില്‍ എത്തിയ യുക്രൈന്‍ വിമാനം റാഞ്ചി. അജ്ഞാതരായ സംഘം വിമാനം തട്ടിയെടുത്ത് ഇറാനില്‍ ഇറക്കിയതായി യുക്രൈന്‍ വിദേശകാര്യ മന്ത്രി യേവ്ജെനി യാനിന്‍ അറിയിച്ചു. വിമാനം റാഞ്ചിയവരുടെ കയ്യില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നുവെന്നും വിമാനത്തിന് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാനില്‍ കുടുങ്ങിയ യുക്രൈന്‍ പൗരന്‍മാര്‍ വിമാനത്താവളത്തില്‍ സമയത്തിന് എത്തിച്ചേരാത്തതിനെ തുടര്‍ന്നാണ് അജ്ഞാതരുടെ സംഘം വിമാനം റാഞ്ചിയത്. വിമാനത്തില്‍ യുക്രൈന്‍ പൗരന്‍മാര്‍ ഉണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ല. സംഭവത്തില്‍ നയതന്ത്ര ഇടപെടല്‍ നടന്നുവരികയാണെന്നും റാഞ്ചല്‍ മൂലം അഫ്ഗാനില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള തുടര്‍ശ്രമങ്ങള്‍ മുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
നൂറോളം യുക്രൈന്‍ പൗരന്‍മാര്‍ അഫ്ഗാനില്‍ ഉണ്ടെന്നാണ് കരുതുന്നത്. ഞായറാഴ്ച 31 പൗരന്‍മാരെ യുക്രൈന്‍ തലസ്ഥാനമായ കീവില്‍ ഒരു സൈനിക വിമാനത്തില്‍ എത്തിച്ചിരുന്നു.