ഉലകനായകന് ഇന്ന് 69ാം പിറന്നാൾ

 | 
kamalhasan

ഉലകനായകൻ കമൽഹാസന് ഇന്ന് 69ാം പിറന്നാൾ. ഇന്ത്യൻ സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ അപൂർവ നടന്മാരിൽ ഒരാളാണ് കമൽ ഹാസൻ. മനോഹരവും സമ്പന്നവും ഏകാന്തവുമായ തിളക്കത്തിന്റെ ഒറ്റനക്ഷത്രം. ചലച്ചിത്രമേഖലയുടെ എല്ലാ രംഗത്തും ഒരേപോലെ മികവു തെളിയിച്ച അപൂർവ്വ വ്യക്തിത്വം. നടൻ, എഴുത്തുകാരൻ, സംവിധായകൻ, നിർമ്മാതാവ്, നൃത്തസംവിധായകൻ, ഗാനരചയിതാവ്, നൃത്തം,  ഗായകൻ എന്നീ നിലകളിലെല്ലാം പതിഞ്ഞ പ്രതിഭ. 

ബാലനടൻ എന്ന നിലയിൽ ആറാമത്തെ വയസ്സിൽ അഭിനയം ആരംഭിച്ചു. മാതൃഭാഷ തമിഴെങ്കിലും മലയാളിയെന്ന് അദ്ദേഹം പലപ്പോഴും സ്വയം വിശേഷിപ്പിച്ചു. പെറ്റമ്മയും പോറ്റമ്മയുമായാണ് കമൽഹാസൻ തമിഴിനേയും മലയാളത്തേയും കാണുന്നത്.  1960-ൽ കളത്തൂർ കണ്ണമ്മ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച അദ്ദേഹം ആറ് പതിറ്റാണ്ടിലേറെയായി വെള്ളിത്തിരയിൽ സജീവ സാന്നിധ്യമാണ്. തന്റെ ആദ്യ ചിത്രത്തിലൂടെ ഈ നായകൻ വരവറിയിച്ചത് ദേശീയ പുരസ്കാരം വാങ്ങിക്കൊണ്ടായിരുന്നു. 'കണ്ണും കരളു'മാണ് കമൽഹാസന്റെ ആദ്യ മലയാള ചിത്രം. പിന്നീട് 'കന്യാകുമാരി' എന്ന ചിത്രത്തിലൂടെ നായകനായി. കമൽ ഹാസനെന്ന എവർഗ്രീൻ റൊമാന്റിക് ഹീറോയുടെ പിറവിയായിരുന്നു അത്. പിന്നാലെ യുവാക്കളുടെ ഹരമായി പ്രേക്ഷകരുടെ നായകനായി മാറി. 

അഭിനയം മാത്രമല്ല, നിരവധി ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ കമൽ, 'വിശ്വരൂപം', 'ഹേയ്റാം', 'വിരുമാണ്ടി' ചിത്രങ്ങളിലൂടെ സംവിധായകന്റെ കുപ്പായവും അണിഞ്ഞു. കൂടാതെ ഗായകൻ, കൊറിയോഗ്രാഫർ, നിർമാതാവ് എന്നിങ്ങനെ ക്യാമറയ്ക്ക് മുന്നിലും പിന്നിലും എന്ത് ജോലിയും കമൽഹാസന് സാധിക്കും. നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ, 9 സംസ്ഥാന പുരസ്കാരം, 19 ഫിലിം ഫെയർ അവാർഡ് 1990ൽ പത്മശ്രീ, 2014ൽ പത്മഭൂഷൺ, 2016ൽ ഷെവലിയാർ തുടങ്ങി കമലിന്റെ കരിയറിൽ പൊൻതൂവലുകൾ ഏറെയാണ്.

69ന്റെ ചുറുചുറുക്കിൽ തിളങ്ങുന്ന ഇന്ത്യൻ സിനിമയുടെ ലജൻഡായ ഉലകനായകന് പുറന്തനാൾ വാഴ്ത്ത്ക്കൾ.