അഫ്​ഗാനിസ്ഥാൻ കടുത്ത ഭക്ഷ്യക്ഷാമത്തിലേക്കെന്ന് ഐക്യരാഷ്ട്രസഭ

അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ലക്ഷക്കണക്കിന് പേർ പട്ടിണിയിലാകുമെന്നും മുന്നറിയിപ്പ് 
 | 
afghan

ലോകത്തിലെ ഏറ്റവും മോശമായ പ്രതിസന്ധിയിലൂടെയാണ് അഫ്​ഗാനിസ്ഥാൻ കടന്നുപോകുന്നതെന്നും ഉടൻ തന്നെ കടുത്ത ഭക്ഷ്യക്ഷാമം ഉണ്ടാകുമെന്നും  ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി.  അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ  ദശലക്ഷക്കണക്കിന് അഫ്ഗാനികൾ ഈ ശൈത്യകാലത്ത് പട്ടിണി നേരിടേണ്ടിവരുമെന്ന് യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യുഎഫ്പി) പറയുന്നു. ജനസംഖ്യയുടെ പകുതിയിലധികം - ഏകദേശം 22.8 ദശലക്ഷം ആളുകൾ - കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നു. അഞ്ച് വയസ്സിന് താഴെയുള്ള 3.2 ദശലക്ഷം കുട്ടികൾക്ക് കടുത്ത പോഷകാഹാരക്കുറവും ഉണ്ടാകുമെന്ന് ഡബ്ല്യുഎഫ്പി പറഞ്ഞു.

ആഗസ്റ്റ് മാസത്തിൽ അമേരിക്ക തങ്ങളുടെ അവസാനത്തെ സൈന്യത്തെ പിൻവലിക്കുകയും താലിബാൻ തീവ്രവാദികൾ രാജ്യം മുഴുവൻ തിരിച്ചുപിടിക്കുകയും ചെയ്തതോടെ രാജ്യത്ത്  പ്രതിസന്ധി ​ഗുരുതരമായി. അഫ്​ഗാനിസ്ഥാന്റെ ജിഡിപിയുടെ 40% അന്താരാഷ്ട്ര സഹായമായിരുന്നു. താലിബാൻ വന്നതോടെ വിദേശ സഹായം ഇല്ലാതായി. ഇത് രാജ്യത്തെ കൂടുതൽ കുഴപ്പത്തിലാക്കി. ലോക ബാങ്കും അന്താരാഷ്ട്ര നാണയ നിധിയും സാമ്പത്തിക സഹായം നിർത്തിവച്ചതും അവരെ ബാധിച്ചു. 

പല അഫ്ഗാനികൾക്കും ഇപ്പോൾ ഭക്ഷണം വാങ്ങാൻ അവരുടെ സ്വത്തുക്കൾ വിൽക്കേണ്ട സ്ഥിതിയാണ്. പലർക്കും ശമ്പളം ലഭിച്ചിട്ട് അഞ്ച് മാസത്തിലേറെയായി.  വീട്ടിൽ ഉള്ള  മൃഗങ്ങളെയും, മരവും വിറ്റാണ് പലരും ഭക്ഷണത്തിനായി വഴി കണ്ടെത്തുന്നത്. അഫ്ഗാനിസ്ഥാനിൽ ആദ്യമായി, നഗരവാസികൾ ഗ്രാമീണ സമൂഹങ്ങൾക്ക് സമാനമായ നിരക്കിൽ ഭക്ഷ്യ അരക്ഷിതാവസ്ഥ അനുഭവിക്കുന്നുണ്ട്. ശൈത്യകാലമാകുമ്പോഴേക്കും ഈ പ്രതിസന്ധി വലുതാവുമെന്ന്  ഡബ്ല്യുഎഫ്പി പറഞ്ഞു.